പാരിസ്: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്‌സ് കേന്ദ്രങ്ങള്‍ക്കു നേരെ ആദ്യമായി വ്യോമാക്രമണം നടത്തിയതായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ്. ഫ്രാന്‍സിനു നേരെ ഐ.എസ് ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതായി തെളിവ് ലഭിച്ചതിനേത്തുടര്‍ന്നാണ് വ്യോമാക്രമണം തുടങ്ങിയതെന്ന് ഒലാദ് വ്യക്തമാക്കി. അമേരിക്കയും സഖ്യകക്ഷികളും ഭീകരര്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തപ്പോഴും ഇസ്ലാമിക് സ്റ്റേറ്റ്‌സിനെതിരെ വ്യോമാക്രമണം തല്‍ക്കാലം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഫ്രാന്‍സ്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു സിറിയക്കുനേരെയുള്ള ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ഫ്രാന്‍സ് മുന്നോട്ട് വച്ചിരുന്ന വിശദീകരണം.
കിഴക്കന്‍ സിറിയയിലെ ദെയര്‍ അല്‍ സോര്‍ നഗരത്തിലുള്ള ഭീകരരുടെ പരിശീലന ക്യാമ്പുകള്‍ക്കു നേരെയാണ് ഫ്രാന്‍സ് ആക്രമണം നടത്തിയത്. എന്നാല്‍ എത്ര തവണ വ്യോമാക്രമണം നടത്തിയെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. സിറിയയില്‍ നിന്നും തങ്ങള്‍ക്ക് ഭീകരാക്രമണ ഭീഷണിയുണ്ടെന്നതിന് തെളിവ് കൈവശമുണ്ടെന്നാണ് ഫ്രാന്‍സ് അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്വയം പ്രതിരോധത്തിന് വ്യോമാക്രമണം നടത്താമെന്ന യു.എന്‍ നിയമങ്ങളുടെ പിന്തുണയോടെയാണ് ഇപ്പോള്‍ ഫ്രാന്‍സ് ആക്രമണം തുടങ്ങിയിരിക്കുന്നത്. ഐ.എസില്‍ ചേര്‍ന്ന് സിറിയയിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമാകാന്‍ 30,000 വിദേശികള്‍ സിറിയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. വിദേശത്തു നിന്നും സിറിയയിലേക്ക് കടക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്.സിറിയയിലെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു രാഷ്ട്രീയ ഇടപെടല്‍ ആവശ്യമാണ്. എന്നാല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് അതില്‍ ഒരു കാരണവശാലും ഭാഗമാകാന്‍ പാടില്ല- ഒലാദ് ന്യൂയോര്‍ക്കില്‍ പറഞ്ഞു.