കോട്ടയം:ജീർണ്ണത വിറ്റു കാശാക്കുന്നവരെ നമ്മൾ ശവം തീനികളെന്നു പറയും എന്ന് ബിഷപ്പ് തറയിൽ പറഞ്ഞു നാവ് എടുത്തില്ല .അതിനുമുമ്പേ കത്തോലിക്കാ സഭയെ നയിക്കുന്നത് ലൂസിഫറോ എന്ന് ചോദ്യം ഉന്നയിക്കുന്ന പ്രവർത്തികളാണ് സഭയിൽ ഉണ്ടാകുന്നത് .ഇന്ത്യൻ നിയമ വ്യവസ്ഥ അനുസരിച്ച് വിശദമായ അന്വോഷണം നടത്തി പ്രതിയായ ബിഷപ്പ് കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു എന്ന് ബോധ്യപ്പെട്ടു തെളിവുകൾ നിരത്തി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരിക്കുമ്പോൾ ‘നിയമവ്യവസ്ഥയെ പല്ലിളിച്ചുകാട്ടി കത്തോലിക്ക സഭ രംഗത്ത് ….കഷ്ടം എന്നെ പറയാനാവൂ എന്ന് തെളിയിക്കുന്നതാണ് ജലന്ധറിൽ നടക്കാൻ പോകുന്നത് . കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജയില്‍ മോചനത്തിനായി ജലന്ധറില്‍ ‘ത്യാഗ സഹന ജപമാല യാത്ര’. ഈ മാസം 14ന് (ഞായറാഴ്ച) വൈകിട്ട് അഞ്ചു മണിക്ക് ജലന്ധറിലെ സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിലാണ് ജപമാല നടക്കുന്നത്. മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പി.സി ജോര്‍ജ് എം.എല്‍.എയും. പരാതിക്കാരിയായ കന്യാസ്ത്രീയേയും അവര്‍ക്ക് പിന്തുണ നല്‍കി സമരം ചെയ്ത കന്യാസ്ത്രീയേയും അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരില്‍ കേസില്‍ പെട്ടിരിക്കുന്നയാളെയാണ് ജലന്ധര്‍ രൂപത മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ മാസം പ്രത്യേകമായി ജപമാലയുടെ വണക്കത്തിനായാണ് കത്തോലിക്കാ സഭ മാറ്റിവച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജലന്ധറിലും ജപമാല യാത്ര നടത്തുന്നത്. എന്നാല്‍ ബിഷപ്പിനു വേണ്ടി ഇത്തവണത്തെ ജപമാല യാത്ര ത്യാഗത്തിന്റെയും സഹനത്തിന്റേയും യാത്രയാക്കി മാറ്റിയത്.
അതേസമയം, രൂപതയുടെ തന്നെ ഭാഗമായ മിഷണറീസ് ഓഫ് ജീസസ് സമൂഹത്തിലെ കന്യാസ്ത്രീകളെ അധിക്ഷേപിച്ച പി.സി ജോര്‍ജിനെ ക്ഷണിച്ചതില്‍ ജലന്ധറിലെ മലയാളി വിശ്വാസികള്‍ക്കിടയില്‍ അമര്‍ഷവും പുകയുന്നു. രൂപതയുടെ നടപടിയില്‍ പരാതിയുമായി ഒരു വിഭാഗം വിശ്വാസികള്‍ ഇന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നെലോ ഗ്രേഷനിനെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വിശ്വാസികളുടെ മെമ്മോറാണ്ടം ബിഷപ്പിന് സമര്‍പ്പിക്കും. ഒരുവിഭാഗം വൈദികര്‍ ഏകപക്ഷീയമായാണ് ജോര്‍ജിനെ ക്ഷണിക്കാനുള്ള തീരുമാനം എടുത്തതെന്നും തങ്ങള്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഇവരുടെ നിലപാട്.
എന്നാല്‍, ജലന്ധറില്‍ പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവച്ചുവെന്ന് പി.സി ജോര്‍ജുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ബിഷപ്പ് ഫ്രാങ്കോയെ പരസ്യമായി പിന്തുണച്ചും കന്യാസ്ത്രീകളെ അധിക്ഷേപിച്ചും രംഗത്തുവന്ന ഏക രാഷ്ട്രീയ നേതാവാണ് പി.സി ജോര്‍ജ്. കഴിഞ്ഞ ദിവസം ജലന്ധറില്‍ നിന്നെത്തിയ ഒരു പഞ്ചാബി വൈദികനും ചില അത്മായരും പി.സി ജോര്‍ജിനെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ജലന്ധറില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ജോര്‍ജിന് ചില രേഖകള്‍ കൈമാറുന്ന ചിത്രവുമുണ്ട്. ജോര്‍ജിനെ ‘ത്യാഗ സഹന ജപമാല യാത്ര’യിലേക്ക് ക്ഷണിക്കാന്‍ എത്തിയവരായിരുന്നു ഇവരെന്നാണ് സൂചന. ഫാ. വില്യം സഹോദയുടെ നേതൃത്വത്തിലുള്ളവരാണ് ജോര്‍ജിനെ സന്ദര്‍ശിച്ചത്.
അതിനിടെ, നവംബര്‍ നാലിന് ജലന്ധറില്‍ നടക്കുന്ന കത്തീഡ്രല്‍ ഫീസ്റ്റിനുള്ള വിപുലമായ ഒരുക്കങ്ങളും നടക്കുകയാണ്. ഇതിനകം ഫ്രാങ്കോ മുളയ്ക്ക് ജാമ്യത്തിലിറങ്ങുമെന്നും ഫീസ്റ്റ് വലിയ ആഘോഷമാക്കാമെന്നുമാണ് രൂപതയില്‍ ഒരു വിഭാഗം വൈദികര്‍ കരുതുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുന്നാളാണ് കത്തീഡ്രല്‍ ഫീസ്റ്റ്. തിരുന്നാളിനു മുന്നോടിയായി ഈ മാസം 26 മുതല്‍ നവംബര്‍ മൂന്നുവരെ കുര്‍ബാനയും നൊവേനയുമുണ്ടാകും. നാലിന് നടക്കുന്ന പ്രധാന തിരുന്നാള്‍ രൂപതയുടെ മുഴുവന്‍ പ്രതാപവും വിളിച്ചറിയിക്കുന്ന പരിപാടിയാണ്. വിശ്വാസികള്‍ മാത്രമല്ല, സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ ദിവസം ജലന്ധര്‍ കത്തീഡ്രല്‍ പള്ളിയില്‍ എത്തുക.