വീട് പണിതു നല്‍കാന്‍ 56 ലക്ഷം രൂപ വാങ്ങി;നിര്‍മ്മാണം പാതി വഴിയിലാക്കി കരാറുകാരന്‍ മുങ്ങിയെന്ന് പരാതി.

തിരുവല്ല : വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് അമ്പത്തിയാറ് ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങി പണി പകുതി വഴിക്കാക്കി കരാറുകാരന്‍ മുങ്ങി. ചേര്‍ത്തല അതിഥി ഹോംസ് ഉടമ സന്തോഷ്‌ എന്നയാളിനെതിരെയാണ് മുംബൈ മലയാളിയായ തിരുവല്ല അമിച്ചകരി മണപ്പുറത്ത് പുത്തന്‍പറമ്പില്‍ ജോസഫ് സാമുവല്‍ പരാതിയുമായി രംഗത്തെത്തിയത്.

2017 ഒക്ടോബര്‍ മാസത്തിലാണ് 2670 സ്കയര്‍ ഫീറ്റ്‌ വിസ്തൃതിയിലുള്ള കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുവാന്‍ 55 ലക്ഷത്തി അയ്യായിരം രൂപക്ക് ചേര്‍ത്തല അതിഥി ഹോംസ് ഉടമ സന്തോഷുമായി കരാറില്‍ ഏര്‍പ്പെട്ടത്. പല പ്രാവശ്യമായി 56 ലക്ഷത്തി മുപ്പതിനായിരം രൂപ കരാറുകാരന്‍ കൈപ്പറ്റിയെന്ന് ജോസഫ് സാമുവല്‍ പറയുന്നു. കരാര്‍ തുകയും അധിക തുകയും കൈപ്പറ്റിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു. എന്നിട്ടും വീടുപണി പൂര്‍ത്തിയാക്കി നല്‍കിയില്ല. തന്നെ വഞ്ചിച്ച കരാറുകാരനെതിരെ പരാതിയുമായി പുളിക്കീഴ് പോലീസിനെ സമീപിച്ചെങ്കിലും കേസ് അട്ടിമറിക്കാന്‍  പോലീസ് ശ്രമിക്കുകയാണെന്ന്  മുംബൈയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ ജോസഫ് സാമുവലും കുടുംബവും പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെടുമ്പ്രം അമിച്ചകരിയില്‍ തന്റെ പേരിലുള്ള സ്ഥലത്ത് വീട് പണി പൂര്‍ത്തിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ചേര്‍ത്തലയിലെ പട്ടണക്കാട് സ്വദേശിയായ സന്തോഷ് എഎസ് എന്നയാള്‍ 56 ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങിയെന്നും പണി പകുതി വഴിക്ക്‌ ഉപേക്ഷിച്ചു എന്നും ചൂണ്ടിക്കാട്ടി ജോസഫ് സാമുവല്‍ ആഗസ്റ്റ് 16ന് പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കരാറുകാരനായ സന്തോഷിനെ സ്റ്റേഷനില്‍ വിളിപ്പിച്ച് ദീര്‍ഘനേരം ചര്‍ച്ച നടത്തി. സിവില്‍ കോടതിയില്‍ ഇതേ വിഷയത്തില്‍ ജോസഫ് സാമുവല്‍ ഒരു കേസ് നല്‍കിയിട്ടുണ്ടെന്ന് കരാറുകാരന്‍ പോലീസിനെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍  വീട്ടുടമ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുകയായിരുന്നുവെന്ന് ജോസഫ് സാമുവല്‍ പറയുന്നു.

എന്നാല്‍ താന്‍ ഒരു കോടതിയിലും ഈ വിഷയത്തില്‍ കേസ് നല്‍കിയിട്ടില്ലെന്ന് കെട്ടിട ഉടമ ജോസഫ് സാമുവല്‍ പോലീസിനെ അറിയിച്ചെങ്കിലും ഇത് മുഖവിലക്കെടുക്കുവാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഉന്നത സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ള കരാറുകാരന്‍ സന്തോഷിനു വേണ്ടി പുളിക്കീഴ് പോലീസ് ഒത്തുകളിക്കുകയാണെന്നുള്ള ഗുരുതരമായ ആരോപണം ഉന്നയിച്ച് ജോസഫ് സാമുവല്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി.

ചേര്‍ത്തല അതിഥി ഹോംസ് ഉടമ സന്തോഷ്‌ ഇക്കാര്യത്തില്‍ പ്രതികരിക്കുവാന്‍ തയ്യാറായില്ല. ജോസഫ് സാമുവല്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ആയതിനാല്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും പറഞ്ഞ് സന്തോഷ്‌ ഒഴിഞ്ഞുമാറി. വിവരം അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോടും വളരെ രൂക്ഷമായാണ് കരാര്‍ കമ്പിനി ഉടമ പ്രതികരിച്ചത്.

Top