സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ നിന്നും കശുവണ്ടി പരിപ്പും പുറത്ത്. കശുവണ്ടി പരിപ്പ് ലഭിക്കാതെ ആയതോടെ പകരം ഓണക്കിറ്റിൽ കായവും പുളിയും ഉൾപ്പെടുത്താണ് തീരമാനം.
കിറ്റിൽ ഉൾപ്പെടുത്താനുള്ള കശുവണ്ടി പരിപ്പ് ലഭ്യമല്ലെന്ന് സപ്ലൈകോ മേഖലാ മാനേജർമാർ അറിയിച്ചതോടെയാണ് കായം, പുളി, ആട്ട, പഞ്ചസാര എന്നിവയിൽ ഏതെങ്കിലും പകരം ഉൾപ്പെടുത്താൻ തീരുമാനമായത്. റീജിയണൽ മാനേജർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം.
ഓണക്കിറ്റിൽ 50 ഗ്രാം കശുവണ്ടിപ്പരിപ്പാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കശുവണ്ടിപ്പരിപ്പിന്റെ ലഭ്യത കുറവ് കാരണം 50 ഗ്രാം കായം/കായപ്പൊടി, 250 ഗ്രാം ശബരി പുളി, ഒരു കിലോഗ്രാം ശബരി ആട്ട, ഒരു കിലോഗ്രാം പഞ്ചസാര എന്നിവയിൽ ഏതെങ്കിലും ഉൾപ്പെടുത്താനാണ് പുതിയ തീരുമാനം.
കശുവണ്ടി പരിപ്പ് ഇട്ട് പായസമുണ്ടാക്കാമെന്ന് സ്വപ്നം കണ്ടവർ ഇനി ഇത് പണം മുടക്കി വാങ്ങേണ്ടതായി വരും. ഇതോടെ സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴയാണ്.
‘കടംകേറി പരിപ്പിളകി ഇരിക്കുന്നവർക്ക് എന്ത് അണ്ടിപ്പരിപ്പ്, ഈ ഓണത്തിന് പുളി പായസം പൊളിക്കും’ എന്നാണ് ഒരാളുടെ കമന്റ്. വാഗ്ദാനങ്ങൾ നൽകി എന്തിനാണ് ജനങ്ങളെ പറ്റിക്കുന്നതെന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്.
ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കായം/കായപ്പൊടി , ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഓണകിറ്റിൽ ഉണ്ടാവുക.