നടക്കുമ്പോള്‍ കാലില്‍ വൈദ്യുതാഘാതം ഏല്‍ക്കും: ചികിത്സയ്‌ക്കെത്തിയ യുവതി കാരണം അറിഞ്ഞപ്പോള്‍ ഞെട്ടി

പാരിസ്: കാല് നിലത്ത് കുത്തുമ്പോള്‍ വൈദ്യുതാഘാതം ഏല്‍ക്കുന്ന രോഗം കേട്ടിട്ടുണ്ടോ? ഇതെന്ത് അസുഖമാണെന്ന് ഒരുപിടിയുമില്ലാതെ യുവതി ചികിത്സ തേടി. ഈ അപൂര്‍വ്വരോഗം അറിഞ്ഞപ്പോള്‍ യുവതി ഭയന്നു. മാസങ്ങള്‍ക്ക് മുന്‍പ് യുവതി കുതിരപ്പുറത്തുനിന്നും വീണതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ അസ്വഭാവികമായ അനുഭവങ്ങള്‍ ഉണ്ടാകുന്നത്. പരിശോധനകളുടെ ഭാഗമായി നടത്തിയ എംആര്‍ഐ സ്‌കാനില്‍ ഷോക്കിന്റെ പിന്നിലുള്ള സത്യാവസ്ഥ തിരിച്ചറിഞ്ഞു. നട്ടെല്ലിനുള്ളിലുള്ള ഒരു വിരയാണ് ഇതിന് കാരണം. നായകളിലും ആടിലും കാണാറുള്ള ഒരു തരം വിരയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഫ്രഞ്ച് യുവതിക്കാണ് ഇങ്ങനെയൊരു അപൂര്‍വ്വ രോഗം കണ്ടെത്തിയത്. സാധാരണയായി ഇത്തരം വിരകള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്താറില്ല. എന്നാല്‍ ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇത് അപൂര്‍വ്വമായി എത്താറുണ്ട്. മൃഗങ്ങളോട് അടുത്തിടപഴകുന്നവരിലും ഇത് കണ്ടേക്കാമെന്നാണ് കരുതുന്നത്. നട്ടെല്ലിലൂടെ വിര ക്രമേണ നാഡിവ്യവസ്ഥയേയും ബാധിച്ചേക്കാം. അല്ലെങ്കില്‍ എല്ലുകള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവയെ ബാധിച്ചേക്കാം. പിന്നീട് ഇത് മരണത്തിനും കാരണമാകും. ശാസ്ത്രക്രിയയിലൂടെ ഈ വിരയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു.

Top