തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗക്കേസിൽ യുവതിയെ ക്രൂരമായി ആക്രമിച്ചത് മൻസൂർ ആണെന്ന് വെളിപ്പെടുത്തൽ. ലൈംഗിക അതിക്രമത്തിന് മുതിർന്നപ്പോൾ എതിർത്തതോടെയാണ് യുവതിയുടെ ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിച്ചത്. തുടർന്നാണ് പ്രതികളായ മറ്റ് രണ്ടുപേരും യുവതിയെ ആക്രമിക്കുന്നത്. ഭർത്താവ് അറിഞ്ഞുകൊണ്ട് തന്നെയാണ് മറ്റുള്ളവർ തന്നെ ആക്രമിച്ചതെന്ന് യുവതി മൊഴിയിൽ പറഞ്ഞിരുന്നു. ഭർത്താവിന് പ്രതികളിൽ ഒരാൾ പണം നൽകുന്നതായി നേരിൽ കണ്ടെന്ന യുവതിയുടെ മൊഴിയാണ് സംഭവത്തിന് പിന്നിൽ ഗൂഡോലചന നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടാൻ ഇടയാക്കിയത്.
യുവതിയെ പീഡനത്തിന് ഇരയാക്കിയതിൽ ഒരാൾ മാത്രമാണ് ഭർത്താവിന്റെ സുഹൃത്തെന്ന് യുവതി തന്നെ വ്യക്തമാക്കിയിരുന്നു. ഭർത്താവിന്റെ സുഹൃത്ത് രാജനാണ് മറ്റുള്ളവരെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇക്കാര്യം പ്രതികൾ പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൃത്യമായ ഗുഢാലോചനയോടെ തന്നെയാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ഇതോടെ മനസ്സിലായിട്ടുമുണ്ട്. ഭർത്താവും ഇയാളുടെ സുഹൃത്തും ചേർന്നാണ് യുവതിയെ മദ്യം കുടിപ്പിച്ച് അവശ നിലയിലാക്കിയത്. പ്രതികളായ മറ്റുള്ളവർ യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷവും ഭർത്താവും സുഹൃത്തും സുഹൃത്തിന്റെ വീട്ടിൽ തന്നെ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കഠിനംകുളം കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഒളിവിൽപ്പോയ നാലാം പ്രതി പുതുവൽ പുത്തൻവീട്ടിൽ നൌഫൽൽഷായെ ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവുൾപ്പെടെ ഏഴ് പേരെ റിമാൻഡ് ചെയ്തിരുന്നു. യുവതിയുടെ ഭർത്താവ് ആറ്റരികത്ത് വീട്ടിൽ മൻസൂർ( 30), അക്ബർ ഷാ (25), അർഷാദ് (26), മനോജ്( 26), വെട്ടുതുറ സ്വദേശിയും വീട്ടുടമയുമായ രാജൻ( 65) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
വ്യാഴാഴ്ച ഭർത്താവാണ് പ്രതിയായ രാജന്റെ വീട്ടിൽ യുവതിയെ എത്തിച്ചത്. തുടർന്ന് മദ്യം കുടിപ്പിച്ച ശേഷം നാല് വയസ്സുകാരനായ മകന്റെ മുമ്പിൽ വെച്ചാണ് യുവതിയെ പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. ഭർത്താവ് ഓടിച്ച സ്കൂട്ടറിനൊപ്പം യുവതിയെയും മകനെയും ബലമായി കയറ്റിക്കൊണ്ടുപോയ ഓട്ടോയും പോലീസ് ഇതിനോടകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവം നടന്നതിന്റെ പിറ്റേ ദിവസം ഭർത്താവും പ്രതികളും അവരുടെ ബന്ധുക്കളും തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയിരുന്നു. ഇതോടെ അതിക്രമത്തിനിരയായ യുവതിയെയും നാലുവയസ്സുകാരനായ മകനെയും നെട്ടയത്തെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിട്ടുണ്ട്. കോടതി നിർദേശ പ്രകാരമാണ് നടപടി.
കഠിനംകുളത്ത് യുവതിയ്ക്ക് മദ്യം നൽകി ഭർത്താവിന്റെ സുഹൃത്തുക്കൾ പീഡിപ്പിച്ച കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പിയോട് വനിതാ കമ്മീഷൻ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ സന്ദർശിച്ചിരുന്നു. യുവതിയുടെ ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളുണ്ടെന്നും കണ്ണുൾപ്പെടെ ശരീരഭാഗങ്ങളിൽ പലയിടത്തും മർദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാനും പോലീസിനോട് നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് 25 കാരിയെ ഭർത്താവിന്റെ ഒത്താശയോടെ മദ്യം നൽകി പീഡിപ്പിച്ചത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. നാല് വയസ്സുകാരനായ മകന്റെ മുമ്പിൽ വെച്ചാണ് വീട്ടമ്മ പീഡനത്തിന് ഇരയായത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന മകനെയും അക്രമികൾ ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.