മൈസൂരിലെ കൂട്ടബലാത്സംഗം; അന്വേഷണം മൂന്ന് മലയാളി വിദ്യാര്‍ഥികളിലേക്ക്. പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും പോലീസ്

ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ ഞെട്ടിക്കുന്ന വിവരം . പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കുറ്റിക്കാറ്റില്‍ ഉപേക്ഷിച്ച ക്രൂരതയ്ക്ക് പിന്നിലെ പ്രതികളെ തേടിയുളള അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക് . ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മലയാളി വിദ്യാര്‍ഥികളാണ് കൂട്ടബലാത്സംഗത്തിന് പിന്നിലെന്ന സൂചന പൊലീസിന് ലഭിച്ചത്. മൈസൂരു സര്‍വ്വകലാശാലയിലെ മൂന്നു മലയാളി വിദ്യാര്‍ഥികളിലേക്കും ഒരു തമിഴ്‌നാട് സ്വദേശിയിലേക്കുമാണ് കേസ് അന്വേഷണം എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവദിവസം വൈകിട്ട് ആറര മുതല്‍ എട്ടര വരെ ഇവരുടെ ഫോണ്‍ ചാമുണ്ഡിഹില്‍സിലെ ടവറിന് കീഴിലായിരുന്നു. പിന്നീട് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കണ്ടെത്തി. ഇതിന് ശേഷം നാലു പേരുടെയും ഫോണ്‍ ഓഫാകുകയായിരുന്നു. സംഭവത്തിന് പിറ്റേ ദിവസം ഈ നാലു വിദ്യാര്‍ഥികളും കോളേജില്‍ എത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഹോസ്റ്റലിലും ഇവര്‍ എത്തിയിട്ടില്ലെന്ന് സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് ഐജി പറഞ്ഞു. കൂടുതല്‍ വിവരം ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. അറസ്റ്റ് ഉടനുണ്ടാകുമെന്നും ഐജി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് കര്‍ണാടകത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗം നടന്നത്. ചാമുണ്ഡി ഹില്‍സില്‍ കൂട്ടുകാരനൊപ്പം എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ തലയ്ക്ക് കല്ല് കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു അക്രമി സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ ഈ ദൃശ്യങ്ങളും പകര്‍ത്തി.

ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സംഘം പെണ്‍കുട്ടിയോട് പണത്തിന് ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാവാതിരുന്നതോടെ പെണ്‍കുട്ടിയെ ഇവര്‍ വീണ്ടും ആക്രമിച്ചു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതോടെ സര്‍ക്കാരിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നിരിക്കുന്നത്.

അതിന് പിന്നാലെയാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. സംഭവം നടന്നയിടത്തെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സമയത്ത് ഈ ടവര്‍ ലൊക്കേഷനില്‍ ആക്ടീവ് ആയിരുന്നത് 20 നമ്പറുകള്‍ ആയിരുന്നു. അതില്‍ ആറ് എണ്ണം പിന്നീട് പെണ്‍കുട്ടി ആക്രമിക്കപ്പെട്ട ലൊക്കേഷനിലും കണ്ടെത്തി.

സംശയ നിഴലില്‍ ഉളള ഈ നമ്പറുകളുടെ ഉടമകള്‍ മൈസൂരു സര്‍വ്വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടന്നതിന്റെ തൊട്ടടുത് ദിവസം ഇവര്‍ കോളേജില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. അന്ന് നടന്ന പരീക്ഷയിലും ഇവര്‍ പങ്കെടുത്തിട്ടില്ല. ഹോസ്റ്ററില്‍ എത്തിയ സംഘം തങ്ങളുടെ ബാഗുകളും എടുത്ത് സ്ഥലം വിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളായ നാല് പേരും കര്‍ണാടക വിട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. പ്രതികള്‍ക്കായുളള തിരച്ചില്‍ പോലീസ് സംഘം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പ്രതികള്‍ കേരളത്തലേക്കോ തമിഴ്‌നാട്ടിലേക്കോ കടന്നിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.

ഇതോടെ അന്വേഷണ സംഘത്തില്‍ ഒരു വിഭാഗം കേരളത്തിലും മറ്റൊരു വിഭാഗം തമിഴ്‌നാട്ടിലേക്ക് അന്വേഷണത്തിനായി പോയിരിക്കുകയാണ്. പ്രതികളെ കണ്ടെത്താനായി മൈസൂരു പോലീസ് കേരള പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം കൈമാറുന്നവര്‍ക്ക് 5 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുക എന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചത് വിവാദമായിരുന്നു. വൈകിട്ട് ആണ്‍ സുഹൃത്തിനൊപ്പം എന്തിനാണ് പെണ്‍കുട്ടി ആളൊഴിഞ്ഞ സ്ഥലത്ത് പോയത് എന്നും അതിനാലാണ് ആക്രമിക്കപ്പെട്ടത് എന്നുമാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. പെണ്‍കുട്ടികളോടുളള ബിജെപിയുടെ മനോഭാവമാണ് പുറത്ത് വന്നിരിക്കുന്നത് എന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പ്രതികരിച്ചു. പ്രതികളെ കണ്ടെത്താന്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

Top