വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി: പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ആറടി ഉയരമുള്ള കഞ്ചാവ് ചെടി

കോട്ടയം: വീട്ടുമുറ്റത്ത് നട്ടുവളർത്തിയ ആറടി ഉയരമുള്ള കഞ്ചാവ് ചെടി പൊലീസ് സംഘം പിടിച്ചെടുത്തു. എന്നാൽ, വീട്ടു മുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ ആളെ കണ്ടെത്താൻ സാധിച്ചില്ല. തൃക്കൊടിത്താനം നാലുകോടിയിൽ വീട്ടുമുറ്റത്ത് നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടിയാണ് പിടികൂടി. തൃക്കൊടിത്താനം നാലു കോടിയിൽ കല്ലൂപ്പറമ്പിൽ പത്രോസിന്റെ വീടിന്റെ മുറ്റത്താണ് ആറടി ഉയരത്തിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയിരുന്നതായി കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

കഞ്ചാവ് ചെടിയാണ് എന്നു സംശയം തോന്നിയതിനെ തുടർന്നു സ്‌ക്വാഡ് അംഗങ്ങൾ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.എം ജോസിനെ വിവരം അറിയിച്ചു. തുടർന്നു തൃക്കൊടിത്താനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയതും പിടിച്ചെടുത്തതും.

പൊലീസ് വിവരം അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് കഞ്ചാവ് ചെടി തന്നെയാണ് എന്നു സ്ഥിരീകരിച്ചു. വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് സംഘം അറിയിച്ചു. മൂന്നു ദിവസം മുൻപ് തിരുവഞ്ചൂർ സ്വദേശി സജിയുടെ വീട്ടുവളപ്പിൽ നിന്നും രണ്ട് അടി ഉയരമുള്ള കഞ്ചാവ് ചെടി ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങൾ പിടിച്ചെടുത്തിരുന്നു. കഞ്ചാവ് ചെടി വളർത്തുന്നത് പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എസ്.ഐ അഖിൽദേവ്, നസീർ, എ.എസ്.ഐമാരായ സൻജോ, ചന്ദ്രകുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ അജയകുമാർ, എസ്.അരുൺ, പി.എം ഷിബു എന്നിവർ ചേർന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്.

Top