സ്വന്തം ലേഖകൻ
ഇടുക്കി: കഞ്ചാവ് കടത്താൻ പുതുവഴികൾ തേടുന്ന മാഫിയ സംഘത്തിന്റെ രീതികൾ എക്‌സൈസിനെയും പൊലീസിനെയും വട്ടംകറക്കുന്നു. മൊബൈൽ ഫോണിനുളളിൽ ബാറ്ററി നീക്കം ചെയ്ത് കഞ്ചാവ് നിറച്ചു കടത്തികൊണ്ടുവന്ന വിദ്യാർഥികൾ കഴിഞ്ഞ ദിവസം പിടിയിലായതോടെയാണ് ലഹരിമാഫിയയുടെ പുതിയ വഴികളെപ്പറ്റി സൂചന ലഭിച്ചത്. ഇന്നലെ രാത്രി കുമളിയിൽ നടത്തിയ പരിശോധനയിലാണു മൂന്നു വിദ്യാർഥികളെ വണ്ടിപ്പെരിയാർ എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇവരിൽനിന്നും പതിനൊന്ന് മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. മുണ്ടക്കയം സ്വദേശികളാണു പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ. തമിഴ്‌നാട് കമ്പത്ത് നിന്നുമാണ് കഞ്ചാവും, മയക്ക്മരുന്ന് ഗുളികകളും ലഭിച്ചതെന്ന് ഇവർ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഒരു ഫോണിൽ പത്ത് ഗ്രാം കഞ്ചാവ് വീതമാണ് ഒളിപ്പിച്ചിരുന്നത്.
പിടിക്കപ്പെട്ട കുട്ടികൾ രണ്ട് വർഷത്തിലധികമായി കഞ്ചാവും, മയക്കുമരുന്നുകളും ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കമ്പത്ത് കഞ്ചാവ് സുലഭമായി ലഭിക്കുമെന്നറിഞ്ഞതാണ് ഇവർ യാത്രപുറപ്പെട്ടത്. എക്‌സൈസ് ഇൻസ്‌പെക്ടർ സി.കെ. സുനിൽരാജ്, പ്രിവന്റീവ് ഓഫീസർമാരായ പി.ഡി. സേവ്യർ , എം.എസ്. മധു . സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി. രാജ്കുമാർ, ടി.എ. അനീഷ്, കെ. ഷനേജ്, അഗസ്റ്റിൻ ജോസഫ് എന്നിവർ ചേർന്നാണു വിദ്യാർഥികളെ പിടികൂടിയത്.