ബാംഗലൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശി കെ.ടി നവീന്‍കുമാറാണ് കുറ്റസമ്മതം നടത്തിയത്. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധയാണെന്ന് കൊലയാളികള്‍ തന്നോടു പറഞ്ഞതിനെ തുടര്‍ന്നാണ് വെടിയുണ്ടകള്‍ കൈമാറിയതെന്നാണ് നവീന്‍കുമാര്‍ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. പ്രഫസര്‍ കെ.എസ് ഭഗവാന്റെ കൊലപാതകവും താന്‍ അറിഞ്ഞിരുന്നതായി നവീന്‍ കുമാര്‍ പറഞ്ഞു.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 12 പുറങ്ങള്‍ നവീന്‍കുമാറിന്റെ പ്രസ്താവനയാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ വ്യത്യസ്ത രീതികള്‍ പ്രതികള്‍ അവലംബിച്ചതും റൂട്ട്മാപ്പും ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഹിന്ദു ജനജാഗ്രതി സമിതിയുടെ യോഗത്തിനെത്തിയപ്പോഴാണ് ഗൗരി ലങ്കേഷിന്റെ കൊലയാളി പ്രവീണിനെ നവീന്‍ പരിചയപ്പെടുന്നത്. പ്രവീണ്‍ വീട്ടിലെത്തിയാണ് വെടിയുണ്ടകള്‍ ആവശ്യപ്പെട്ടത്. ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധയാണെന്നും കൊലപ്പെടുത്തുന്നതിനാണ് വെടിയുണ്ടകളെന്നും പ്രവീണ്‍ തന്നോടുപറഞ്ഞതായി നവീന്‍കുമാര്‍ പറഞ്ഞു.
കേസിലെ ഒന്നാം പ്രതിയാണ് നവീന്‍കുമാര്‍. ഇയാള്‍ ‘ഹിന്ദു യുവസേന’ എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍ആര്‍ നഗറിലെ സ്വന്തം വീട്ടില്‍വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.