കൊച്ചി: കളര്‍കോട് 5 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കേസില്‍ നിന്നും കെ എസ് ആര്‍ ടി സി ഡ്രൈവറെ ഒഴിവാക്കി.വാഹനാപകടത്തില്‍ കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരി ശങ്കറിനെ പ്രതി ചേര്‍ത്തു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കെ എസ് ആര്‍ ടി സി ഡ്രൈവറെ പ്രതിയാക്കിയത് വ്യാപക പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് തിരുത്തല്‍, കാറോടിച്ച വിദ്യാര്‍ഥി ഗൗരീശങ്കറിനെ പ്രതിയാക്കുകയും ചെയ്തു പൊലീസ്. അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായതു തൊട്ടുമുന്‍പിലെ വാഹനത്തെ മറികടക്കുന്നതിനിടെയാണെന്നു കാര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ മൊഴിയും പോലീസിന് കിട്ടിയിരുന്നു. മുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറികടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല. ഈ സാഹചര്യമെല്ലാം വിശകലനം ചെയ്താണ് കെ എസ് ആര്‍ ടി സി ഡ്രൈവറെ പ്രതിസ്ഥാനത്ത് നിന്നും മാറ്റുന്നത്.
വിദ്യാര്‍ത്ഥികള്‍ ഈ കാര്‍ വാടകയ്ക്ക് എടുത്തത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആല്‍വിന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മറ്റ് നാലുപേരുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 .20ന് ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്കിലാണ് അപകടമുണ്ടായത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ 5 എംബിബിഎസ് ഒന്നാം വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ശക്തമായ മഴയായതിനാലാണ് സിനിമയ്ക്ക് പോകാനായി വിദ്യാര്‍ത്ഥികള്‍ കാര്‍ വാടകയ്ക്കെടുത്തത്.
അപകടത്തിന് ഇടയാക്കിയത് നാലുകാരണങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഴ മൂലമുണ്ടായ റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി. ഏഴു പേര്‍ യാത്ര ചെയ്യേണ്ട ടവേര വാഹനത്തില്‍ 11 പേര്‍ യാത്ര ചെയ്തത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടവേര വാഹനം ഓടിച്ചയാള്‍ക്ക് ലൈസന്‍സ് നേടി 5 മാസം മാത്രമാണ് ഡ്രൈവിങ് പരിചയമുള്ളത്. വാഹനം തെന്നിയപ്പോള്‍ നിയന്ത്രണത്തിലാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്. സുരക്ഷ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവ ഇല്ലാത്തതിനാല്‍ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി നീങ്ങി നിയന്ത്രണം നഷ്ടപ്പെട്ടത് തീവ്രത കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടര്‍ വാഹന വകുപ്പ് നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.