തന്റെ ഹിറ്റ് ചിത്രമായ കാക്ക കാക്കയുടെ തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിനിടെ സംഭവിച്ച അനുഭവത്തെ കുറിച്ച് ഗൗതം പങ്കുവെച്ചു.കാക്ക കാക്ക എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ചെയ്യുന്ന സമയം. കൊളംബോയിലായിരുന്നു ഷൂട്ടിംഗ്. ക്ലൈമാക്സില്‍ കാണിക്കുന്ന തടാകവും വുഡ് ഹൗസും അവിടെയായിരുന്നു. അറുപതടി താഴ്ചയുണ്ട് തടാകത്തിന്. അതിന്റെ അറ്റം ആരെ പോകാന്‍ ഒരു ബോട്ട് ഉണ്ടാക്കിയിരുന്നു. ആദ്യ ദിവസം ബോട്ടില്‍ കയറുമ്പോള്‍ തന്നെ എനിക്കൊരു ഗട്ട് ഫീലിംഗ് തോന്നി. ലൈഫ് ജാക്കറ്റും ഒന്നും ഉണ്ടായിരുന്നില്ല.
ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ബോട്ടില്‍ വെള്ളം കയറാന്‍ തുടങ്ങി. ബോട്ട് തകര്‍ന്നു എല്ലാവരും വെള്ളത്തില്‍. എനിക്കൊഴിച്ച് മിക്കവര്‍ക്കും നീന്തലറിയാം. ഞാന്‍ വെള്ളത്തിനടിയിലേക്ക് ആഴ്ന്നു പോയി. അങ്ങനെ താഴ്ന്നു പോകുമ്പോള്‍ ജീവിതത്തില്‍ അത് വരെ നടന്ന എല്ലാ നിമിഷങ്ങളും മനസ്സില്‍ മിന്നിത്തെളിഞ്ഞു. ഒരാഴ്ച മുമ്പായിരുന്നു സൗന്ദര്യ അപകടത്തില്‍ മരിച്ചത്. എന്തിനെന്നറിയില്ല, സൗന്ദര്യയുടെ മുഖവും എന്റെ മനസ്സില്‍ വന്നു.
മരണത്തെ തൊട്ട് മുന്നില്‍ കാണും പോലെ. താഴ്ന്നു പോയിട്ട് ആരായാലും ഒന്ന് പൊങ്ങി മുകളില്‍ വരും. അങ്ങനെ ഞാന്‍ മേലെ വന്നതൊരു പത്ത് സെക്കന്‍ഡ് ആണ്. ആ സമയം നടി അസിന്റെ അച്ഛനെ മുകളില്‍ കണ്ടു. ഞാന്‍ പതുക്കെ പറഞ്ഞു അങ്കിള്‍ ഐ കാണ്ട് സ്വിം. പെട്ടെന്ന് അദ്ദേഹം എന്നെ കൈപിടിച്ച് കയറ്റി. അത് എന്റെ ജീവിതം മാറ്റിയ നിമിഷമായിരുന്നുവെന്നും ഗൗതം മേനോന്‍ പറയുന്നു.