
എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ ഡ്രൈവര്‍ ഗവാസ്‌കറിനെ എഡിജിപി സുധേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റി. ഗവാസ്‌കറിനെ എസ്എപി ക്യാംപിലേയ്ക്ക് മടക്കി അയച്ചു. വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ എഡിജിപി സുധേഷ് കുമാറിന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഗവാസ്‌കര്‍. ഇതിനിടയിലാണ് എഡിജിപിയുടെ മകള്‍ ഗവാസകറെ മര്‍ദിച്ചത്. ഇതേതുടര്‍ന്ന് ചികിത്സയിലായിരുന്ന ഗവാസ്‌കര്‍ കഴിഞ്ഞദിവസമാണ് ആശുപത്രി വിട്ടത്.
ഇന്നലെ ഗവാസ്‌കര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മര്‍ദനക്കേസില്‍ അന്വേഷണം കാര്യക്ഷമമായി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് കാണാനെത്തിയതെന്നും പൊലീസ് അന്വേഷണം തൃപ്തികരമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.
അറസ്റ്റ് നീളുന്നത് സമ്മര്‍ദം കൊണ്ടാവാം. കേസ് ഒത്ത് തീര്‍പ്പാക്കുന്നത് ഇപ്പോള്‍ പരിഗണനയില്ലെന്നും ഗവസ്‌കര്‍ അറിയിച്ചു. അന്വേഷണം തടസമില്ലാതെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം, എഡിജിപിയുടെ മകള്‍ക്കെതിരായ കേസില്‍ നിന്ന് പിന്മാറാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടായെന്ന് മര്‍ദ്ദനത്തിന് ഇരയായ ഗവാസ്‌കര്‍ പറഞ്ഞിരുന്നു. എന്നാല്‍, കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ കൈയില്‍ കയറി പിടിച്ചെന്നുള്ള എഡിജിപിയുടെ മകളുടെ പരാതി തെറ്റാണ്.രണ്ട് ദിവസം മാത്രമാണ് താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന വാദവും അടിസ്ഥാന രഹിതമാണ്. സത്യമെന്താണെന്ന് തെളിയുമെന്ന് തന്നെയാണ് കരുതുന്നത്. അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പോകുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.