
സ്വന്തം ലേഖകൻ
കൊച്ചി: ട്രാൻസ്ജൻഡറുടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നടക്കുന്നത് വൻ തട്ടിപ്പ്. സാധാരണയായി നാൽപതിനായിരം മുതൽ അമ്പതിനായിരം രൂപവരെയാണ് മാറിട ശസ്ത്രക്രിയയ്ക്ക് ചെലവ് വരുന്നത്.
എന്നാൽ ഈ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രി ഒന്നര ലക്ഷം രൂപവരെ ബില്ല് നൽകിയതായും സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള ടെക്‌നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട്. ട്രാൻസ്‌ജെന്ററുകളുടെ ശസ്ത്രക്രിയക്ക് സർക്കാർ ധനസഹായം നൽകുന്നത് പരമാവധി അഞ്ചു ലക്ഷം രൂപ വരെയാണ്.
എന്നാൽ ഇതുവരെ ലഭ്യമായ ബില്ലുകൾ പ്രകാരം സർക്കാർ കൈമാറാനുള്ളത് 75ലക്ഷം രൂപയാണ്.നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാർ ധനസഹായം അഞ്ചുലക്ഷം രൂപ വരെയാക്കി ഉയർത്തിയിരുന്നു. ഇതോടെ പണം തട്ടാനായി സ്വകാര്യ ആശുപത്രികൾ ശ്രമിക്കുന്നതായാണ് ടെക്‌നിക്കൽ കമ്മിറ്റി വിലയിരുത്തൽ.
ശസ്ത്രക്രിയയ്ക്കായി ട്രാൻസ് സ്ത്രീകൾക്കു രണ്ടരലക്ഷം രൂപവരെയും, ട്രാൻസ് പുരുഷന്മാർക്ക് അഞ്ചുലക്ഷം രൂപവരെയുമാണ് സർക്കാർ അനുവദിക്കുന്നത്.ഘട്ടംഘട്ടമായി നടക്കുന്ന ശസ്ത്രക്രിയയുടെ ബില്ലുകൾ ഹാജരാക്കുന്ന മുറക്കാണ് ഈ തുക നൽകിയിരുന്നത്.
ഇതിൽ നാൽപതിനായിരം മുതൽ അമ്പതിനായിരം രൂപവരെ ചെലവ് വരുന്ന മാറിട ശസ്ത്രക്രിയക്കു ആശുപത്രി ഒന്നര ലക്ഷംരൂപവരെ ബില്ല് നൽകിയതായും ടെക്‌നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട്. ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്ന കേരളത്തിലെ നാലു സ്വകാര്യ ആശുപത്രികൾ തമ്മിൽ ഒത്തുകളിക്കുകയാണെന്നും സംശയമുണ്ട്.
ട്രാൻസ്‌ജെൻഡർ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും 2018-19 സാമ്പത്തിക വർഷത്തിലാണ് ആദ്യമായി സാമൂഹ്യനീതി വകുപ്പിനു കീഴിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ധനസഹായം നൽകി തുടങ്ങിയത്.
സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയക്ക് (ട്രാൻസ്മാൻ) പരമാവധി അഞ്ചുലക്ഷവും, പുരുഷനിൽ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയക്കു (ട്രാൻസ് വുമൺ) പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്.
നിലവിൽ സംസ്ഥാന സർക്കാറിന്റെ ധനസഹായം ലഭ്യമായത് ഇരുന്നൂറോളം വരുന്ന ട്രാൻസ്‌ജെൻഡറുകൾക്കാണ്. ഇതിൽ 25ഓളംപേർ മാത്രമാണ് ട്രാൻസ്മാന്മാരുള്ളത്. ഭൂരിഭാഗവും ട്രാൻസ്വുമണാണ്.