
ന്യുഡൽഹി : കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാൾ കൂടി മൂന്നാം മോദി സർക്കാരിലേക്ക്. ഇതോടെ മന്ത്രി സഭയിലെ രണ്ടാമത്തെ മലയാളിയാവും ജോര്‍ജ് കുര്യന്‍. പ്രധാനമന്ത്രി വിളിച്ച ചായസത്കാരത്തില്‍ അദ്ദേഹം പങ്കെടുത്തു. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.
ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ”അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. ഏതാകും വകുപ്പെന്നതില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല.