മഹാരാഷ്ട്രയിൽ കടുത്ത ഭിന്നത; ശിവസേനയും ബിജെപിയും തമ്മിൽ തർക്കം; വെവ്വേറെ ഗവർണറെ കാണും

മഹാരാഷ്ട്രയില്‍ എന്‍ഡിഎ ഘടകകക്ഷികളായ ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നു. അധികാരം പങ്കിടുന്നതിനെ ചൊല്ലി കടുത്ത അനിശ്ചിതാവസ്ഥയാണ് ഇപ്പോൾ എൻഡിഎയിൽ നിലനിൽക്കുന്നത്.  ഇതിനിടെ ഇരുപാര്‍ട്ടി നേതാക്കളും ഇന്ന് ഗവര്‍ണറെ പ്രത്യേകം പ്രത്യേകമായി സന്ദര്‍ശിക്കുമെന്നും റിപ്പോർട്ടുണ്ട്.

രാവിലെ പത്തരയോടെ ദിവാകര്‍ റാവുത്തിന്റെ നേതൃത്വത്തില്‍ ശിവസേന നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണാനെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണുക. ദീപാവലി ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നതെന്നാണ് ഇരുപാര്‍ട്ടികളും ഒദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം തങ്ങള്‍ക്കുവേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ 50:50 കരാര്‍പ്രകാരം മുഖ്യമന്ത്രിപദമടക്കം ഭരണസംവിധാനത്തില്‍ അമ്പത് ശതമാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് ബി.ജെ.പി.യില്‍നിന്ന് എഴുതിവാങ്ങണമെന്നുമാണ് ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടത്.

അതേ സമയം ബി.ജെ.പി.യുടെ നേതൃത്വത്തില്‍ത്തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും വ്യക്തമാക്കുകയുണ്ടായി. ‘2014-ല്‍ ലഭിച്ചതിനെക്കാള്‍ മികച്ചവിജയമാണ് ഇത്തവണ ബി.ജെ.പി.ക്കു കിട്ടിയത്. കഴിഞ്ഞ തവണ 260 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ 122-ല്‍മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. 47 ശതമാനമായിരുന്നു വിജയം. എന്നാല്‍ ഇത്തവണ അത് 70 ശതമാനത്തിലേക്ക് ഉയര്‍ന്നു. 150 സീറ്റുകളില്‍ മത്സരിച്ച് 105 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞു. മറ്റേതൊരു പാര്‍ട്ടിയെക്കാളും വിജയശതമാനം കൂടുതല്‍ ബി.ജെ.പി.ക്കാണ്. അതിനാല്‍ മന്ത്രിസഭ ബി.ജെ.പി.യുടെ നേതൃത്വത്തിലായിരിക്കും” – ഫഡ്‌നാവിസ് പറഞ്ഞു.

ഇതിനിടെ ഇരുപാര്‍ട്ടികളും സ്വതന്ത്രരേയും ചെറുപാര്‍ട്ടികളേയും ഒപ്പം നിര്‍ത്തി അംഗബലം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Top