കൊച്ചി: കിഴക്കമ്പലം ഇടത്തിക്കാട് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനി നിമിഷ (21) യാണ് കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ പെണ്‍കുട്ടിയുടെ അച്ഛനും കുത്തേറ്റു. ഇയാളെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിക്കവെയാണ് അച്ഛന് കുത്തേറ്റത്. ആക്രമണത്തിന്റെ പ്രകോപന കാര്യം വ്യക്തമല്ല. കൃത്യത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കവെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. കഴുത്തറുത്ത് ചോരവാര്‍ന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പെണ്‍കുട്ടി മരിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. പെരുമ്പാവൂർ താലൂക്കാശുപത്രിയിലാണ് ഇപ്പോൾ പെൺകുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സിഐ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന വിവരം പുറത്ത് വന്നിട്ടില്ല.അതേസമയം മോഷണശ്രമമായിരുന്നുവെന്നും പെൺകുട്ടിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ കഴുത്ത് അറുക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.