വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരന്‍റെ ഫോട്ടോ വാട്‌സാപ്പിലൂടെ കണ്ടു; പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരന്റെ ഫോട്ടോ വാട്‌സാപ്പിലൂടെ കണ്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് പെണ്‍കുട്ടി ഇത്തരത്തില്‍ ആത്മഹത്യ ചെയ്തത്. 15 വയസ്സുകാരിയായ അഞ്ജലിയാണ് മരിച്ചത്. ഹൈസ്‌കൂളിന് ശേഷം സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തിയ പെണ്‍കുട്ടി വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്.ഇതിനിടയിലാണ് വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹത്തിനെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയത്. കല്യാണം കഴിക്കാന്‍ പോകുന്ന യുവാവിന്റെ ചിത്രം ചെക്കന്റെ വീട്ടുകാര്‍ വാട്‌സാപ്പ് വഴി പെണ്‍കുട്ടിയുടെ വീട്ടില്‍ അയച്ച് കൊടുത്തിരുന്നു. എന്നാല്‍ ഈ യുവാവിനെ കല്യാണം കഴിക്കാന്‍ പെണ്‍കുട്ടിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല.യുവാവിന് നിറം കുറവാണ് എന്നാണ് പെണ്‍കുട്ടി കാരണമായി വീട്ടുകാരോട് പറഞ്ഞിരുന്നത്. വീണ്ടും ഈ കല്യാണത്തിനായി വീട്ടുകാര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതോടെയാണ് അഞ്ജലി ആത്മഹത്യ ചെയ്യാനൊരുങ്ങിയത്. വീടിനകത്തെ മുറിയില്‍ ഫാനില്‍ സാരി ഉപയോഗിച്ച് കഴുത്ത് മുറുക്കിയായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

Top