വൈപ്പിൻ: വിവാഹദിനത്തിൽ കാണാതായ വധു എളങ്കുന്നപ്പുഴ പെരുമാൾപടി ആശാരിപ്പറന്പിൽ മാനം കണ്ണേഴത്ത് കൃഷ്ണപ്രിയയെ(21) പിറ്റേന്ന് കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തും.
മരണം ആത്മഹത്യയാണെന്ന് പോലീസിനു ചില സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും ആത്മഹത്യക്ക് പിന്നിൽ ആരുടെയങ്കിലും പ്രേരണയുണ്ടോ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് ഞാറക്കൽ എസ്ഐ ആർ രഗീഷ്കുമാർ അറിയിച്ചു. മരണം സംബന്ധിച്ച് ബന്ധുക്കൾക്ക് ആക്ഷേപമുള്ളതിനാലാണിത്.
വിവാഹ ദിവസമായ ഞായറാഴ്ച രാവിലെ അണിയിച്ചൊരുക്കാനായി ബ്യൂട്ടീഷ്യന്‍റെ അടുക്കലെത്തിച്ച വധുവിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ മുളവുകാട് സഹകരണറോഡ് കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ ആറരയോടെ അണിയിച്ചൊരുക്കാനായി ഒരു ബന്ധുവാണ് വീടിനടുത്തുള്ള ബ്യൂട്ടീഷ്യന്‍റെ വീട്ടിൽ കൊണ്ട് ചെന്നാക്കിയത്.
ബന്ധു തിരിച്ചുപോയിക്കഴിഞ്ഞപ്പോൾ കുടുംബക്ഷേത്രത്തിൽ പോയി വരാം എന്ന് പറഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ അരമണിക്കൂർ നേരം കഴിഞ്ഞും കാണാതായപ്പോൾ ബ്യൂട്ടീഷ്യൻ വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെ കാണാതെ വന്നപ്പോൾ ഞാറക്കൽ പോലീസിൽ പരാതി നൽകി.
പിറ്റേന്ന് മുളവുകാട് സഹകരണറോഡ് കടവിൽ കണ്ട യുവതിയുടെ മൃതദേഹം അജ്ഞാത മൃതദേഹമായി കരുതി മുളവുകാട് പോലീസ് കേസെടുത്തിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുക്കൾ എത്തി കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. സംസ്കാരം നടത്തി.