ശിവനഗര്‍: വീടിനുള്ളില്‍ ശൗചാലയം നിര്‍മിക്കാന്‍ കുടംബം തയാറാവാത്തതിനെത്തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ പതിനാറുകാരി ആത്മഹത്യ ചെയ്തു. ഇന്നലെ യുപിയിലെ ഫിറോസോബാദ് ജില്ലയിലാണ് സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
പെണ്‍കുട്ടിയുടെ വീടിന് ചുറ്റും വെള്ളത്താല്‍ നിറഞ്ഞ പ്രദേശമാണ്. അത് കൊണ്ട് മല-മൂത്ര വിസര്‍ജനം നടത്തുന്നതിനായി ദൂരത്തേക്ക് പോകണമായിരുന്നു. ജനപാര്‍പ്പ് ഏറെയുള്ള തുറസായ പ്രദേശത്ത് വിസര്‍ജനം നടത്തുന്നതില്‍ കുട്ടി വിഷമത്തിലായിരുന്നു. അമ്മ മഞ്ജു ദേവിയുമായി ഇക്കാര്യത്തെ ചൊല്ലി കുട്ടി എപ്പോഴും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇന്നലെയും ഇത്തരത്തില്‍ നടന്ന ഒരു വഴക്കിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് മഹേന്ദ്ര സിംഗ് പറഞ്ഞു.
മകള്‍ വീടിനുള്ളില്‍ ശൗചാലയം വേണമെന്ന് എപ്പോഴും പറഞ്ഞിരുന്നതായി അമ്മ മഞ്ജു ദേവിയും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, വീടിനടുത്തുള്ള പ്ലാന്‍റേഷന്‍ ഏരിയ ആണ് മല-മൂത്ര വിസര്‍ജനം നടത്താനായി ഉപയോഗിച്ചിരുന്നത്. ഇന്നലത്തെ വഴക്കിന് ശേഷം കുട്ടിയെ തനിച്ചാക്കി പുറത്തേക്ക് പോയിരിക്കുകയായിരുന്നു അമ്മ. തിരിച്ചെത്തി മുറി തുറക്കാന്‍ പറഞ്ഞപ്പോള്‍ പ്രതികരണം ഒന്നുമുണ്ടായില്ല. തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നാണ് അമ്മയുടെ വിശദീകരണമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താനായി ആശുപ്ത്രിയിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.