വ്യാജ ഡോക്ടറുടെ പരിചരണത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടമായത് കൈ

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ വ്യാജ ഡോക്ടറുടെ ചികിത്സയില്‍ പെണ്‍കുട്ടിക്ക് നഷ്ടമായത് കൈ. വാസുദേവ് എന്ന വ്യാജഡോക്ടര്‍ക്കെതിരെയാണ് പരാതി. ഇദ്ദേഹത്തിന്റെ ചികിത്സ സ്വീകരിച്ച്, ഒടുവില്‍ പെണ്‍കുട്ടിയുടെ കൈ മുറിച്ചുനീക്കേണ്ടി വന്നതാണ് പരാതിക്കാധാരം. ഗൗര്‍ ഗ്രാമത്തിലാണ് ഇയാളുടെ ക്ലിനിക്ക് പ്രവര്‍ത്തിച്ച് വന്നിരുന്നത്. കുട്ടിയുടെ കൈക്കുണ്ടായിരുന്ന രോഗം ഭേദമാകാനാണ് ഇയാളെ സമീപിച്ചത്. ഒടുവില്‍ രോഗം മൂര്‍ഛിച്ച് കൈ മുറിച്ചുമാറ്റേണ്ട ദുരവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്കെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്. പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് വാസുദേവിനെതിരെ കേസെടുത്തു. ഇയാളുടെ ക്ലിനിക്ക് പൂട്ടി സീല്‍ ചെയ്തിട്ടുമുണ്ട്. ഇയാള്‍ക്കെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായ പശ്ചാത്തലത്തിലാണ് പൊലീസ് കേസെടുത്ത് ക്ലിനിക്ക് പൂട്ടിയത്. എസ് പി പ്രമോദ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.

 

Top