മാധ്യമ പ്രവര്‍ത്തകര്‍ മുതൽ സഹകരണ ബാങ്ക് സെക്രട്ടറി വരെ വ്യാജ സര്‍ട്ടിഫിക്കറ്റുകളിലൂടെ ഉന്നത പദവിയില്‍… 17 സര്‍വ്വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍!.ഏഴ് കോടിയുടെ ഇടപാടുകള്‍ …പിന്നിൽ ഉന്നതരും

കണ്ണൂർ :വിവിധ സര്‍വ്വകലാശാലകളുടെ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയ തലശ്ശേരി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ പിണറായി പാറപ്രത്തെ അമൃതം വീട്ടില്‍ അജയ രാജ്യത്തിനകത്തും പുറത്തും 17 സര്‍വ്വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്ന വന്‍ തട്ടിപ്പ് കേന്ദ്രത്തിന്റെ ഉടമ. കേസില്‍ നേരത്തെ അറസ്റ്റിലായ അജയന്‍ ജാമ്യത്തിലിറങ്ങിയ ശേഷം പരസ്യങ്ങള്‍ നല്‍കി സര്‍ട്ടിഫിക്കറ്റ് വ്യാപാരം സജീവമാക്കിയിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഉന്നത ഇടപെടലുകള്‍ നടന്നതിനാല്‍ അജയന് ജാമ്യം ലഭിക്കുകയും കേസ് അന്വേഷണം നിര്‍ജ്ജീവമാകുകയും ചെയ്തിരുന്നു. ഒടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ വീണ്ടും അജയന്‍ അറസ്റ്റിലാവുകയായിരുന്നു. വ്യാജ രേഖയുടെ ബലത്തില്‍ സഹകരണ ബാങ്ക് സെക്രട്ടറി മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ വരെ ഇന്ന് ഉന്നത പദവിയില്‍ ജോലി ചെയ്തു വരുന്നുണ്ടെന്നാണ് സൂചന
പതിനേഴ് സര്‍വ്വകലാശാകളുടെ പേരിലും സ്വന്തമായി രണ്ട് സര്‍വ്വകലാശാലകളുടെ പേരിലും അജയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വഴി ഏഴ് കോടിയുടെ ഇടപാടുകള്‍ തലശ്ശേരിയിലെ ബാങ്കുവഴി നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. എസ്.എസ്. എല്‍. സി. മുതല്‍ പി.എച്ച്.ഡി. വരെ അജയന്‍ സ്വന്തം സ്ഥാപനം വഴി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സ്വീകരിക്കാറ്. അതോടൊപ്പം മുന്‍കൂര്‍ അഡ്വാന്‍സും നല്‍കണം. നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിക്കാനും ഓണ്‍ലൈനായി നല്‍കാനും സംവിധാനമുണ്ട്. ബോപ്പാലിലെ ശ്രീറാം യൂണിവേഴ്‌സിറ്റി , ഭുവനേശ്വ്‌റിലെ കാര്‍ലോസ് യുണിവേഴ്‌സിറ്റി, ഉത്തര പ്രദേശിലെ ശാബിത് യൂണിവേഴ്‌സിറ്റി, മേഘാലയത്തിലെ സി.എം. ജെ. യൂണിവേഴ്‌സിറ്റി, നാഗാലാന്റിലെ ഗ്ലോബല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഛത്തീസ്ഗറിലെ രണ്ട് സര്‍വ്വകലാശാലകള്‍, എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളാണ് തലശ്ശേരിയില്‍ നിന്നും നല്‍കുന്നത്.arrested
2001 മുതല്‍ ആയിരക്കണക്കിന് പേര്‍ക്ക് അജയന്റെ സ്ഥാപനം വഴി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ അക്കാലത്ത് എല്ലാ കക്ഷികളിലും ഉദ്യോഗസ്ഥരിലും സ്വാധീനിക്കാന്‍ കൂട്ടാളിയായ ഒരു ഇടനിലക്കാരന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അജയനെ ഒരിക്കലും പിടികൂടാനായില്ല. സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളില്‍ അജയന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തൊഴില്‍ തേടിയവര്‍ ഏറെയാണ്. 2012 ല്‍ അമൃത ഇന്‍സ്റ്റിട്യൂട്ടില്‍ പരിശോധന നടത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എല്ലാ രേഖകളും പിടിച്ചെടുത്തിരുന്നു. എന്നാല്‍ അന്നത്തെ ആഭ്യന്തരവകുപ്പിന്റെ സമ്മര്‍ദ്ദം കാരണം പിടിച്ചെടുത്ത രേഖകളും വസ്തുവകകളും ആ പോലീസുകാരന്‍ തിരിച്ചു കൊണ്ടുക്കേണ്ടി വന്നു. അയാളിപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയിലാണ്. അന്ന് ഈ ക്രമക്കേട് കണ്ണടച്ചതിന്റെ പേരിലാണ് ഇന്ന് കോടികള്‍ ആസ്തിയുളള ഈ വ്യാജരേഖാ സ്ഥാപനം തട്ടിപ്പ് തുടര്‍ന്നത്.
വിദേശങ്ങളിലും പ്രത്യേകിച്ച് ഗള്‍ഫ് നാടുകളിലും ജോലി തരപ്പെടുത്താന്‍ ഇവിടത്തെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി ഉപയോഗിച്ചതായി അറിവായിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ ഓഫ് സെക്കന്ററി എജുക്കേഷന്‍ എസ്. എസ്. എല്‍.സി, പ്ലസ് ടു എന്ന പേരിലും വ്യാജ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ സഹകരണ മേഖലയില്‍ ഒട്ടേറെ വ്യാജന്‍മാര്‍ ഇവിടുത്തെ സര്‍ട്ടിഫിക്കറ്റുകളുമായി ജോലി നേടിയിട്ടുണ്ട്. കാസര്‍ഗോഡ് മൂന്ന് കേസുകള്‍ രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ ജോലി തേടിയവരെക്കുറിച്ചുളള അന്വേഷണവും ആരംഭിച്ചിരിക്കയാണ്.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27 നാണ് തലശ്ശേരി അമര്‍ കോപ്ലക്‌സിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോലീസ് പരിശോധന നടന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ രൂപപ്പെടുത്താനുളള ആധുനിക പ്രിന്ററുകളും അനുബന്ധ കംപ്യൂട്ടറുകളും മറ്റും പിടിച്ചെടുത്തിരുന്നു. അന്ന് അറസ്റ്റിലായ അജയന്‍ ജാമ്യത്തിലിറങ്ങിയ ശേഷവും പഴയ തട്ടിപ്പ് തുടര്‍ന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലിരിക്കവേയാണ് വീണ്ടും പരസ്യം നല്‍കി തട്ടിപ്പ് തുടര്‍ന്നത്. അതോടെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്ത് അജയനെ ചോദ്യം ചെയ്തു. അജയന് പുറമേ തിരുവന്തപുരം സ്വദേശി ടിന്റു ബി. ഷാജിയും കേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും അന്ന് ജാമ്യം ലഭിച്ചു. വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട അജയന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരിക്കയാണ്.

Top