ന്യുഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിക്കൊണ്ട് പ്രമുഖ എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് പുരസ്കാര ജേതാവുമായ കിരണ്‍ നഗാര്‍ക്കര്‍ രംഗത്ത്.’പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയക്ക് ഭാരതരത്ന നല്‍കണം. അവരുടെ സഹായമില്ലാതെ ബിജെപിക്ക് അധികാരത്തില്‍ എത്താന്‍ സാധിക്കില്ലായിരുന്നു’.അതിനാല്‍ സോണിയ ഗാന്ധിക്ക് മോദി ഭാരതരത്ന നല്‍കണമെന്നും പരിഹാസ്യ രൂപേണ എഴുതിയ കുറിപ്പില്‍ കിരണ്‍ നഗാര്‍ക്കര്‍ പറഞ്ഞു.രാജ്യത്തുണ്ടാകുന്ന അസഹിഷ്ണുതയിലും ദാദ്രി സംഭവത്തിലും പ്രതിഷേധമറിയിച്ചുകൊണ്ടാണ് കിരണ്‍ നഗാര്‍ക്കര്‍ രംഗത്ത് വന്നത്.
2001 ലാണ് നഗാര്‍ക്കര്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. കുറിപ്പില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അദ്ദേഹം കളിയാക്കി. ‘ദാദ്രി സംഭവം ഞെട്ടിക്കുന്നതായിരുന്നു. അതിനു ശേഷം വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വൈകിയാണെങ്കിലും നമ്മള്‍ പ്രതിഷേധിച്ചു. നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ മകനെ പരുക്കേല്‍പ്പിക്കുകയും ചെയ്തു. എന്നിട്ട് രണ്ടാഴ്ചയ്ക്ക് ശേഷം പറയുന്നു സംഭവിച്ചത് ശരിയല്ലെന്ന്. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ നടന്ന ഇത്തരം സംഭവങ്ങളില്‍ ആരും ശബ്ദം ഉയര്‍ത്തിയിരുന്നില്ല’– കിരണ്‍ നഗാര്‍ക്കര്‍ പറഞ്ഞു.
ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്നത് ശരിയാണ്. എന്നാല്‍ മോദിയാണ് പ്രധാനമന്ത്രി, അദ്ദേഹത്തിന് യാതൊരു ഉത്തരവാദിത്വവും ഇല്ലേ? പ്രശ്നം വഷളായപ്പോള്‍ ഒടുവില്‍ അദ്ദേഹം പ്രതികരിച്ചു. പക്ഷേ, അദ്ദേഹത്തിന് വേദനതോന്നിയില്ലെയെന്നും പ്രമുഖ എഴുത്തുകാരന്‍ ചോദിച്ചു.
സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ നല്‍കുമോ എന്നു ചോദിച്ചപ്പോള്‍ അക്കാദമിക്ക് ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നും പിന്നീട് തീരുമാനമെടുക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അവാര്‍ഡില്‍ നിന്നും ലഭിച്ച ഒറ്റ പൈസപോലും തിരിച്ചു നല്‍കില്ലെന്നും ആ പണം ലൈംഗീക തൊഴിലാളികളുടെ കുട്ടികളുടെ വിദ്യഭ്യാസത്തിനു ഉപയോഗിക്കുമെന്നും നഗാര്‍ക്കര്‍ വ്യക്തമാക്കി.