ഗോദയുടെ തിയേറ്റര്‍ പ്രിന്റ് ഫെയ്‌സ്ബുക്കില്‍; പിന്നില്‍ മറ്റുചില നടന്മാരുടെ ആരാധകരാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവ്; ഞങ്ങളുടെ കഠിനാധ്വാനത്തെ അപമാനിക്കരുത്

സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തിയേറ്റര്‍ പ്രിന്റ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ടൊവിനോ തോമസ് ചിത്രം ‘ഗോദ’യുടെ നിര്‍മ്മാതാവ് സി.വി.സാരഥി. വ്യാജപതിപ്പ് ‘അഭിമാനത്തോടെ’ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ചിലര്‍ മറ്റുചില നടന്മാരുടെ ആരാധകരാണെന്ന് അവകാശപ്പെടുന്നുവെന്നും ചലച്ചിത്രവ്യവസായത്തെത്തന്നെ തകര്‍ക്കുന്ന നടപടി സ്വീകരിക്കുന്നവര്‍ക്ക് എങ്ങനെ ഒരു നടന്റെ ആരാധകരെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്നും സാരഥി ചോദിക്കുന്നു. ഫെയ്‌സ്ബുക്കില്‍ എഴുതിയ വിശദമായ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

സി.വി.സാരഥി പറയുന്നു..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിരാമായണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തേ ബേസില്‍ ജോസഫ് തന്റെ അടുത്ത ചിത്രം സ്ത്രീ കേന്ദ്രീകൃതമാവണമെന്ന് തീരുമാനിച്ചിരുന്നു. ‘എന്ന് നിന്റെ മൊയ്തീന്‍’ റിലീസായി ഒരു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ ‘ആഞ്ജനേയ ദാസാ’യി ടൊവീനോയെ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ടൊവീനോ കഥാപാത്രത്തിന് വേണ്ട പരിശീലനവും ആരംഭിച്ചു. ആഞ്ജനേയ ദാസിന്റെയും ക്യാപ്റ്റന്റെയും (രണ്‍ജി പണിക്കര്‍) അതിഥി സിങിന്റെയും (വമിഖ ഗബ്ബി) കഥയായിരുന്നു ഗോദ. അതിഥി ഏറെ കൈയടികള്‍ നേടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ടൊവീനോ കഥാപാത്രമാവാന്‍ തയ്യാറായത്. ടൊവീനോയുടെ അര്‍പ്പണവും ആവേശവും പ്രതിബന്ധതയുമില്ലെങ്കില്‍ ഗോദ സംഭവിക്കുമായിരുന്നില്ല. ഗോദ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്ന് മനസിലാക്കിയാണ് ഇടയ്ക്ക് ‘ഗപ്പി’ ചെയ്തത്. മറ്റൊരു പ്രമുഖ നടന്‍ ഒഴിവാക്കിയ വേഷമാണ് ‘തേജസ് വര്‍ക്കി’യുടേത്. പക്ഷേ ചിത്രം കണ്ടപ്പോള്‍ ടൊവീനോയ്ക്കല്ലാതെ അത്രയും ഭംഗിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരാള്‍ക്കാവില്ലെന്ന് ബോധ്യമായി. ‘ദംഗലി’നും മുന്‍പേ തിയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു ‘ഗോദ’. പല കാരണങ്ങള്‍കൊണ്ടാണ് അത് സാധ്യമാവാതിരുന്നത്.

മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ സിനിമകളും വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ മറ്റൊരു സിനിമയെ പ്രൊമോട്ട് ചെയ്യാന്‍വേണ്ടി ഞങ്ങളുടെ കഠിനാധ്വാനത്തെ അപമാനിക്കരുത്. ചില സാമൂഹികവിരുദ്ധര്‍ ടൊറന്റ് സൈറ്റുകളില്‍ ‘ഗോദ’യുടെ വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. മറ്റുചിലര്‍ അത് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നതായും കണ്ടു. മറ്റ് നടന്മാരുടെ ആരാധകരാണെന്നാണ് അവരില്‍ ചിലര്‍ അവകാശപ്പെടുന്ന്. പക്ഷേ ചലച്ചിത്രവ്യവസായത്തെത്തന്നെ തകര്‍ക്കുന്ന നടപടിയെടുക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു നടന്റെ ആരാധകരാവാന്‍ സാധിക്കുക?

കേരളത്തിലെ 110 തിയേറ്ററുകളില്‍ മാത്രമാണ് ഗോദ റിലീസ് ചെയ്തിരിക്കുന്നത്. അതിലേതോ തീയേറ്റഖറില്‍ നിന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ആ ക്യാമറാപ്രിന്റ് പുറത്തുവന്നിരിക്കുന്നത്. നിങ്ങള്‍ സിനിമയെ സ്നേഹിക്കുന്ന ഒരാളാണെങ്കില്‍ ഞങ്ങളുടെ അധ്വാനത്തെ മാനിക്കുക. ഗോദ തീയേറ്ററില്‍ മാത്രം കാണുക. ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ വലുപ്പംകൊണ്ട് ചെറിയ വ്യവസായമായ മലയാളം ഒന്നാമത് നില്‍ക്കുന്നത് നമ്മുടെ സിനിമകളുടെ ഗുണനിലവാരം കൊണ്ടാണ്. പക്ഷേ സിനിമകളിറങ്ങി രണ്ടാംദിവസം ഇത്തരത്തില്‍ വ്യാജന്‍ ഇറങ്ങിയാല്‍ നമ്മളെങ്ങനെ പിടിച്ചുനില്‍ക്കും?

തിയേറ്ററില്‍ അഞ്ച് കോടി ഷെയര്‍ ലഭിക്കുന്ന ചിത്രം പോലും ‘ഹിറ്റ്’ എന്ന് പരിഗണിക്കപ്പെടുന്ന ഇന്റസ്ട്രിയാണ് നമ്മുടേത്. രണ്ടോ മൂന്നോ ചിത്രങ്ങള്‍ മാത്രമാണ് ഇവിടെ വര്‍ഷത്തില്‍ ശരാശരി ഒന്‍പത് കോടി മറികടക്കുന്നത്. പല കാരണങ്ങളാലും ക്ഷീണിതമായ മലയാളസിനിമയെ പുതിയ ചിത്രങ്ങളുടെ വ്യാജപതിപ്പ് ഇറക്കുന്ന ഈ സാമൂഹികവിരുദ്ധര്‍ തകര്‍ക്കുകയാണ്. ഗോദയ്ക്കൊപ്പം അടുത്തകാലത്ത് തിയേറ്ററുകളിലെത്തിയ സഖാവ്, ലക്ഷ്യം, സിഐഎ തുടങ്ങിയ ചിത്രങ്ങളും ഇന്റര്‍നെറ്റിലുണ്ട്. വ്യാജന്‍ പ്രചരിച്ചിട്ടും ബാഹുബലി 2ന് 25 കോടി തീയേറ്റര്‍ ഷെയര്‍ കൊടുത്ത സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ട് തിയേറ്ററിലേക്കുപോകാന്‍ മടിയുള്ളവരല്ല നമ്മള്‍. അത്തരം ചിത്രങ്ങളോട് ബജറ്റിനോട് മത്സരിക്കാന്‍ നമുക്കാവില്ല. ഗുണനിലവാരത്തിലേ നമുക്ക് മത്സരിക്കാനാവൂ.

ബാഹുബലി തിയേറ്ററില്‍ കാണാമെങ്കില്‍ എന്തുകൊണ്ട് ഗോദയോ സിഐഎയോ ലക്ഷ്യമോ അങ്ങനെ ആയിക്കൂടാ? അങ്ങനെ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. അല്ലാത്തപക്ഷം പത്ത് വര്‍ഷത്തിന് ശേഷം ‘ഇവിടെ മലയാള സിനിമകള്‍ ഉണ്ടായിരുന്നു’വെന്ന് നമ്മുടെ ചെറുമക്കള്‍ പറഞ്ഞേക്കാം..

Top