കൊച്ചി: സ്വർണക്കടത്ത് കേസിൽ പുതിയ നീക്കവുമായി കസ്റ്റംസ്. നയതന്ത്ര ബാഗേജിൽ ആകെ എത്ര ഖുർആൻ വന്നുവെന്ന് കണക്കെടുത്തു. ഇതിനായി നയതന്ത്ര ബാഗേജ് വഴി വന്ന ഖുർആന്റെ തൂക്കവും പരിശോധിച്ചു. ഖുർആൻ പാക്കറ്റുകൾക്കൊപ്പം മറ്റെന്തെങ്കിലും വന്നോയെന്നു പരിശോധിക്കുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. ഇതിനായി ഖുർആൻ വന്ന ബാഗേജിൻറെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തി.
മാർച്ച് നാലിന് കോൺസൽ ജനറലിൻ്റെ പേരിൽ വന്ന പാക്കേജിന് ബില്ലിൽ രേഖപ്പെടുത്തിയ തൂക്കം 4478 കിലോയാണ്. ഇതിൻ്റെ ബിൽ മന്ത്രി കെ.ടി. ജലീൽ തന്നെ വെളിപ്പെടുത്തിയിരുന്നു. ബാഗേജിൽ വന്ന ഒരു ഖുർആന്റെ തൂക്കം 567 ഗ്രാം ആണെന്ന് വ്യക്തമായിട്ടുണ്ട്. ആകെ വന്നത് 250 പാക്കറ്റ് ആണ്. ഒരു പാക്കറ്റിൻ്റെ തൂക്കം 17 .9 കിലോഗ്രാമാണ്. ഒരു പാക്കറ്റിൽ 31 ഖുർആൻ വച്ച് 7750 ഖുർആൻ കാണണമെന്നാണ് ഏകദേശ കണക്ക്.32 പാക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള സി ആപ്ടിൻ്റെ ഓഫീസിൽ എത്തിച്ചതായി വ്യക്തമാക്കിയിരുന്നു. ബാക്കിയുള്ള പാക്കറ്റുകൾ എവിടെ എത്തി എന്നതു സംബന്ധിച്ചും ഇവയുടെ വിതരണം ഏതു രീതിയിലായിരുന്നു എന്നതിനെക്കുറിച്ചും കസ്റ്റംസ് വിവരങ്ങൾ ശേഖരിക്കുകയാണ്. ബാഗേജ് വഴി വന്ന മുഴുവൻ ഖുർ ആനും കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ട്. ബാഗേജ് വഴി ഖുർആൻ വന്നതു സംബന്ധിച്ച് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണിത്.