ഗോള്‍ഡന്‍ ബാബ; ഇത്തവണ അണിയുന്നത്‌ ആറ് കോടി വിലവരുന്ന സ്വര്‍ണം…

ഗാസിയാബാദ്: കന്‍വാര്‍ തീര്‍ഥയാത്രയില്‍ സ്വര്‍ണാഭരണങ്ങളണിഞ്ഞ് യാത്ര ചെയ്ത് വാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഗോള്‍ഡന്‍ ബാബ ഇത്തവണയും യാത്രക്കുള്ള ഒരുക്കത്തിലാണ്. ഇത്തവണ ബാബ അണിയുന്നത് 20 കിലോ സ്വര്‍ണമാണ്. അതായത് ആറ്‌കോടിയുടെ ആഭരണങ്ങളാണ് ഗോള്‍ഡന്‍ ബാബ അണിയുന്നത് എന്നാണ് വിവരം.

ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന സുധീര്‍ മക്കാറിന്റെ 25ാമത്തെ കന്‍വാര്‍ യാത്രയാണ് ഇത്തവണ നടത്തുന്നത്. ഓരോ യാത്രയിലും സ്വര്‍ണത്തിന്റെ അളവ് വര്‍ധിപ്പിച്ചാണ് യാത്ര നടത്തുന്നത്. കഴിഞ്ഞ തവണ 14.5 കിലോ സ്വര്‍ണം ധരിച്ചായിരുന്നു യാത്രയില്‍ പങ്കെടുത്തിരുന്നത്. ദൈവങ്ങളുടെ രൂപമുള്ള 21 ലോക്കറ്റുകള്‍, സ്വര്‍ണ ചട്ടകള്‍, 21 സ്വര്‍ണ മാലകള്‍, നിരവധി വളകള്‍ എന്നിവ ധരിച്ചാണ് ബാബ യാത്ര തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിവരൂപമുള്ള ലോക്കറ്റോടു കൂടിയ രണ്ടുകിലോ ഭാരമുള്ള മാലയും ധരിച്ചായിരുന്നു 2017ലെ യാത്രയില്‍ പങ്കെടുത്തിരുന്നത്. ദേഹമാസകലം അണിയുന്ന സ്വര്‍ണം കൂടാതെ 27 ലക്ഷം വിലയുള്ള റോളക്‌സ് വാച്ചും ഇദ്ദേഹം ധരിക്കാറുണ്ട്. 2016ല്‍ നടത്തിയ തീര്‍ഥയാത്രയില്‍ 12 കിലോ സ്വര്‍ണാഭരണങ്ങളായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. ഹരിദ്വാറില്‍നിന്ന് ഡല്‍ഹിവരെയുള്ള 200 കിലോമീറ്ററും തന്റെ ആഡംബര വാഹനത്തിന്റെ മുകളില്‍ കയറിയിരുന്നാണ് സുധീര്‍ മക്കാര്‍ യാത്ര നടത്താറുള്ളത്.

അദ്ദേഹത്തോടൊപ്പം അംഗരക്ഷകരും അനുയായികളും ഉണ്ടാവും. നിരവധി വാഹനങ്ങളില്‍ അനുയായികള്‍ അദ്ദേഹത്തിന്റെ വാഹനത്തെ അനുഗമിക്കുകയും ചെയ്യും. ബാബയുടെ സ്വന്തം ബിഎംഡബ്ല്യു, നാല് ഫോര്‍ച്യൂണര്‍, രണ്ട് ഓഡി, രണ്ട് ഇന്നോവ എന്നിവ അടക്കമുള്ള വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ ഹമ്മര്‍, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാറുമുണ്ട്. ആഡംബര വാഹനങ്ങളോടും സ്വര്‍ണത്തോടുമുള്ള ഭ്രമം മരിച്ചാലും അവസാനിക്കില്ലെന്നാണ് ബാബ പറയുന്നത്. 1972ല്‍ അഞ്ച് പവന്‍ സ്വര്‍ണം ധരിച്ചാണ് ബാബ കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നത്.

പിന്നീടുള്ള യാത്രകളില്‍ സ്വര്‍ണത്തിന്റെ അളവ് വര്‍ധിച്ചുവന്നു. ഇപ്പോള്‍ അത് 20 കിലോയിലെത്തിയിരിക്കുന്നു. മരിക്കും വരെ ഈ സ്വര്‍ണം തന്നോടൊപ്പമുണ്ടാകുമെന്നും മരണശേഷം തന്റെ പ്രിയപ്പെട്ട ശിഷ്യന്‍മാര്‍ക്ക് കൈമാറുമെന്നും ബാബ പറയുന്നു. അദ്ദേഹത്തോടൊപ്പം നിന്ന് സെല്‍ഫിയും വീഡിയോയും എടുക്കാനും ‘അനുഗ്രഹം’ വാങ്ങാനും വലിയ തിരക്ക് അനുഭവപ്പെടാറുമുണ്ട്. തുണിക്കച്ചവടക്കാരനായി തുടങ്ങിയ സുധീര്‍ മക്കാര്‍ പിന്നീട് വന്‍കിട വ്യവസായിയായി വളരുകയും പിന്നീട് സന്യാസത്തിലേക്ക് തിരിയുകയുമായിരുന്നു. കന്‍വാര്‍ യാത്രയില്‍ ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും വഴികളില്‍ നിരവധി ആരാധകര്‍ തടിച്ചുകൂടാറുണ്ട്.

Top