ന്യൂയോര്‍ക്ക്: ഗൂഗിളിന് തിരിച്ചടി നല്‍കി മൈക്രോസോഫ്റ്റിന്റെ പുതിയ മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരുടെ ലാപ്‌ടോപ് പെട്ടെന്ന് കേടായി പോകുമെന്നാണ് പറയുന്നത്. എല്ലാ കാര്യത്തിനും ജനങ്ങള്‍ ആശ്രയിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഗൂഗിള്‍ ക്രോം. മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ് ഗൂഗിളിനെ മാത്രമല്ല ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
നേരത്തേ, ഓപ്പര സുരക്ഷിതമല്ലെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. ക്രോം, മോസില്ല ഫയര്‍ഫോക്സ്, ഓപ്പര, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീ ബ്രൗസറുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതു പരിശോധിച്ചാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
എഡ്ജാണ് മികച്ച ബ്രൗസര്‍ എന്നാണ് മൈക്രോസോഫ്റ്റിന്റെ നിഗമനം. നാലു ബ്രൗസറുകളും ഒരേ വീഡിയോ പ്ലേ ചെയ്തായിരുന്നു പരീക്ഷണം. എഡ്ജ് ബ്രൗസര്‍ ഉപയോഗിച്ച ലാപ് ടോപ്പില്‍ ഏഴു മണിക്കൂര്‍ 22 മിനുട്ട് വീഡിയോ കാണാന്‍ കഴിഞ്ഞു. ക്രോം ഉപയോഗിച്ചപ്പോള്‍ നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബാറ്ററി തീര്‍ന്നു. ഓപ്പര കൂടുതല്‍ നല്ല പ്രകടനം കാഴ്ചവച്ചു.
ക്രോമിനേക്കാള്‍ 53 ശതമാനം ഊര്‍ജക്ഷണത എഡ്ജിനുണ്ടെന്നാണു മൈക്രോസോഫ്റ്റിന്റെ അവകാശവാദം. ക്രോമാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ബ്രൗസര്‍. ആദ്യകാലത്ത് മൈക്രോസോഫ്റ്റിന്റെ ബ്രൗസറുകളായിരുന്നു കൂടുതല്‍ പേര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, അടുത്തകാലത്തായി മോസില്ലയും ക്രോമും ഓപ്പരയും അടക്കമുള്ള ബ്രൗസറുകള്‍ വന്നതോടെ മൈക്രോസോഫ്റ്റ് ബ്രൗസറുകളുടെ മേല്‍ക്കൈ നഷ്ടപ്പെടുകയായിരുന്നു.