ഗൂഗിള്‍ ജീവനക്കാരന് കൊറോണ: ബെംഗളൂരുവില്‍ മാളുകളും പബുകളും അടച്ചു, ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം, കടുത്ത നിയന്ത്രണം

ബെംഗളൂരു ഗൂഗിള്‍ ഓഫീസിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി ഇടപഴകിയ സഹപ്രവര്‍ത്തകള്‍ സ്വയം ക്വാറന്റൈന് വിധേയരാകണമെന്ന് ആവശ്യപ്പെട്ടു. അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു ഓഫീസിലെ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് വെള്ളിയാഴ്ച ഗൂഗിള്‍ ഇന്ത്യ അറിയിച്ചു.

രാജ്യത്ത് 74 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കന്നത്. ഇതില്‍ നാല് പേര്‍ കര്‍ണാടകയില്‍ നിന്നുള്ളവരാണ്. അതേസമയം, കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. സംസ്ഥാനത്ത് എല്ലാ മാളുകളും തിയേറ്ററുകളും നൈറ്റ് ക്ലബുകളും റെസ്‌റ്റോറന്റുകളും പബുകളും അടച്ചിടാന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ ഉത്തരവിട്ടു. അടുത്ത ഒരാഴ്ച കാലത്തേയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വിവാഹ ചടങ്ങുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വേനല്‍ക്കാല ക്യാമ്പുകള്‍ക്കും ഇക്കാലയളവില്‍ അനുമതി നിഷേധിച്ചതായി യെഡിയൂരപ്പ പറഞ്ഞു. കോവിഡ് 19 പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജനക്കൂട്ടം ഒഴിവാക്കണമെന്നും യെഡിയൂരപ്പ അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഐടി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗളൂരുവില്‍ ഒരു ഐടി ജീവനക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ, വൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 81 ആയി. ഗൂഗിള്‍ ജീവനക്കാരനാണ് പുതുതായി കൊറോണ കണ്ടെത്തിയത്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യ ഇന്ത്യക്കാരന്‍ കര്‍ണാടക സ്വദേശിയാണ്.കല്‍ബുര്‍ഗി സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി കഴിഞ്ഞദിവസമാണ് മരിച്ചത്. 76 വയസ്സായിരുന്നു.സൗദി അറേബ്യയില്‍ നിന്ന് ഉംറ തീര്‍ഥാടനം കഴിഞ്ഞ് സിദ്ദിഖി ഇന്ത്യയില്‍ എത്തിയത് ഫെബ്രുവരി 29നാണ്. ശ്വാസതടസ്സം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് ഇദ്ദേഹം ചികിത്സ തേടിയത്. മുഹമ്മദ് ഹുസൈനുമായി ഇടപഴകിയവരെ കണ്ടെത്തുന്നതിനുളള ശ്രമം കര്‍ണാടക ആരോഗ്യവകുപ്പ് തീവ്രമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Top