11 കോടി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടും..സോണിയ ഗാന്ധിക്ക് വേണ്ടത് ക്രഡിറ്റ് മാത്രം !

ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കൊവിഡ് പ്രതിരോധ നടപടികൾക്കൊപ്പം സാമ്പത്തികരംഗത്തെ പ്രതിസന്ധി പരിഹരിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് സോണിയഗാന്ധി. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ചെറുകിട – ഇടത്തരം വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നും ചെറുകിട – ഇടത്തരം വ്യവസായ മേഖലയുടെ സംഭാവനയാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ ജോലിചെയ്യുന്ന 11 കോടി ജനങ്ങൾ തോഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. സർക്കാരിന്റെ പിന്തുണയില്ലാതെ ചെറുകിട – ഇടത്തരം വ്യവസായങ്ങൾക്ക് പിടിച്ചു നില്‍ക്കാനാവില്ല. ലോക്ക്ഡൗൺ തുടരുന്ന ഓരോ ദിവസവും 30,000 കോടി രൂപയുടെ ബാദ്ധ്യതയാണ് ഈ മേഖലയിൽ ഉണ്ടാകുന്നത്.ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും വ്യവസായ യൂണിറ്റുകൾക്ക് കഴിയുന്നില്ല. ഈ മേഖലയ്‌ക്കുവേണ്ടി സർക്കാർ ഒരു ലക്ഷം കോടിയുടെ തൊഴിൽ സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സോണിയാഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ഇതുവരെ ഏഴ് കത്തുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചിട്ടുളളത്. ഏറ്റവും ഒടുവില്‍ ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് സോണിയാ ഗാന്ധി മോദിക്ക് കത്തെഴുതിയത്. ഇതോടെ സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍.

സോണിയാ ഗാന്ധിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ക്രഡിറ്റാണ് വേണ്ടതെന്ന് പ്രകാശ് ജാവദേക്കര്‍ പരിഹസിച്ചു. ദിവസവും സോണിയാ ഗാന്ധി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിക്കൊണ്ടിരിക്കുകയാണ്. സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും പുറത്തേക്കിറങ്ങി വല്ലതും ചെയ്യുകയാണ് വേണ്ടത് എന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി.

ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് വേണ്ടി സര്‍ക്കാര്‍ ഇതുവരെയും ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് നിതിന്‍ ഗഡ്കരി നടത്തിയ പ്രഖ്യാപനത്തില്‍ പതിനായിരം കോടിയുടെ ഫണ്ട് ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് സര്‍ക്കാര്‍ ഉടനെ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.കൊവിഡിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊളളുന്ന നടപടികളെ കുറിച്ചൊന്നും കോണ്‍ഗ്രസ് പറയുന്നില്ലെന്ന് പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. 1.70 ലക്ഷം കോടി രൂപയാണ് ലോക്ക്ഡൗണിനിടെ മോദി സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ കയ്യിലേക്ക് എത്തിച്ചത്. രാജ്യത്തെ 20 കോടി സ്ത്രീകള്‍ക്ക് 500 രൂപ വെച്ച് വിതരണം നടത്തി. മൂന്ന് മാസം ഇത് തുടരുമെന്നും ജാവേദക്കര്‍ പറഞ്ഞു.

Top