മുംബൈ: കണ്ണെഞ്ചിപ്പിക്കുന്ന ശമ്പളം നല്‍കി ഐഐടി ഉദ്യോഗാര്‍ത്ഥികളെ ജോലിക്കെടുക്കുന്ന ഐടി കമ്പനികളെക്കുറിച്ച് കേട്ടിട്ടുള്ളവരാണ് നാം. എന്നാലിതാ ഐഐടി പ്രവേശനം നേടാത്ത ഒരാള്‍ 1.2 കോടി രൂപ ശമ്പളത്തില്‍ ജോലിക്ക് കയറാനൊരുങ്ങുകയാണ്. ജോലി എവിടെയാണെന്നല്ലേ? മറ്റെങ്ങുമല്ല നമ്മുടെ സ്വന്തം ഗൂഗിളില്‍.
21 കാരന്‍ അബ്ദുല്ലാ ഖാനാണ് അങ്ങ് ലണ്ടനില്‍ നിന്ന് വിളിവന്നത്. 1.2 കോടി രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി വാഗ്ദാനവുമായി. ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ കാലിടറി വീണിട്ടും ഐ.ഐ.ടി ബിരുദരെ വെല്ലുന്ന ശമ്പളത്തില്‍ ഒരു ജോലി. അതും ഗൂഗിളിന്റെ ലണ്ടന്‍ കാര്യാലയത്തില്‍.
പ്രോഗ്രാം വെല്ലുവിളികള്‍ പരിഹരിക്കുന്ന വെബ്‌സൈറ്റിലെ നേരമ്പോക്കാണ് മീരാറോഡ് ശ്രീ എല്‍.ആര്‍ തിവാരി എഞ്ചിനീയറിങ് കോളജിലെ ബി.ഇ കംപ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഖാന്റെ തലവര മാറ്റിവരച്ചത്. പ്രോഗ്രാം സൈറ്റിലെ വിരുത് കണ്ട ഗൂഗിള്‍ അധികൃതര്‍ ഖാന്റെ വിവരങ്ങള്‍ തേടി അഭിമുഖത്തിന് ക്ഷണിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ക്കൊടുവില്‍ മാസാദ്യം ലണ്ടനിലെ കാര്യാലയത്തില്‍ നേരിട്ട് അഭിമുഖവും നടന്നു. പിന്നെയാണ് കണ്ണഞ്ചിപ്പിക്കുന്ന ശമ്പള കണക്കുമായി ക്ഷണക്കത്ത് വന്നത്. സെപ്റ്റംബറില്‍ ഗൂഗിള്‍ എഞ്ചിനീയറിങ് സംഘത്തിനൊപ്പം ചേരാനാണ് നിര്‍ദേശം. ഐ.ഐ.ടിക്കാരല്ലാത്തവര്‍ക്ക് ആദ്യമായാണ് ഇത്തരം ജോലി വാഗ്ദാനം.
നാല് ലക്ഷത്തിലധികം വാര്‍ഷിക ശമ്പളം അവര്‍ക്ക് കിട്ടാറില്ല. തന്റെ നേരമ്പോക്ക് വമ്പന്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് അബ്ദുല്ല ഖാന്‍ പറയുന്നു. വന്‍ വാഗ്ദാനത്തിന്റെ അമ്പരപ്പ് ഖാന്റെ മുഖത്ത് നിന്നും ഇനിയും മാഞ്ഞിട്ടില്ല.