വിഷ്ണുവിന്റെ അവതാരമായതിനാല്‍ ഓഫീസില്‍ ജോലിക്കെത്താന്‍ കഴിയില്ലെന്ന വിചിത്രവാദവുമായി ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ലോകം നന്നാക്കേണ്ടതിനാല്‍ ഓഫിസിലെത്താന്‍ സമയമില്ലെന്നാണു സര്‍ദാര്‍ സരോവര്‍ പുനര്‍വസ്‌വത് ഏജന്‍സിയിലെ എന്‍ജിനീയറായ രമേഷ് ചന്ദ്ര ഫെഫാര്‍ അറിയിച്ചത്.
തന്റെ തപസിന്റെ ഫലമായി രാജ്യത്ത് നല്ല മഴ ലഭിക്കുന്നുണ്ടെന്നും ജോലിയില്‍ ഹാജരാകാത്തതിനു ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിനു മറുപടിയായി ഫെഫാര്‍ പറഞ്ഞു. നോട്ടീസും അതിനുള്ള മറുപടിയും സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്.
2010 മാര്‍ച്ചില്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ് താനെന്ന് വെളിപാടുണ്ടാകുന്നത്. അതിനുശേഷം സവിശേഷശക്തികളുണ്ട്. ആഗോളധര്‍മം മാറ്റിമറിക്കുന്നതിനായി താന്‍ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. തപസിന്റെ അഞ്ചാം ഘട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. ഓഫീസിലിരുന്ന് തനിക്ക് തപസ് ചെയ്യാന്‍ കഴിയില്ല. തന്റെ തപസിന്റെ ഫലമായി കഴിഞ്ഞ 19 വര്‍ഷമായി നല്ല മഴ ലഭിക്കുന്നുണ്ട്- ജോലിക്ക് ഹാജരാകാത്തതിനു ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിനു മറുപടിയായി രമേശ് ചന്ദ്ര ഫെഫാര്‍ പറയുന്നു.
അമ്പതു കാരനായ ഫെഫാര്‍ ജോലിക്കെത്താത്തതിനാല്‍ മൂന്നു ദിവസം മുന്‍പാണു വകുപ്പില്‍ നിന്നു കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചത്. താന്‍ എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്ത് ഓഫീസില്‍ ഇരിക്കണമോ, അതോ രാജ്യത്തെ വരള്‍ച്ചയില്‍നിന്നു രക്ഷിക്കണമോ എന്ന് കമ്പനിക്കു തീരുമാനിക്കാമെന്നും ഫെഫാര്‍ കത്തില്‍ പറയുന്നു.