ലഞ്ച് ബ്രേക്കിന് മൂന്ന് മിനുട്ട് മുമ്പ് ഭക്ഷണം കഴിക്കാനായി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ശിക്ഷ. പടിഞ്ഞാറന്‍ നഗരമായ കോബെയിലെ വാട്ടര്‍ വര്‍ക്‌സ് ബ്യൂറോയിലെ 64കാരനായ ഉദ്യോഗസ്ഥനാണ് പരസ്യമായി മാപ്പുപറയേണ്ടി വന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടയില്‍ അദ്ദേഹം 26 തവണ മൂന്ന് മിനുട്ട് നേരത്തേ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം വിളിക്കുകയും ഇദ്ദേഹത്തിന്റെ നടപടി അത്യന്തം ഖേദകരമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ടെലിവിഷന്‍ ചാനലുകള്‍ തല്‍സമയ സംപ്രേഷണം ചെയ്ത വാര്‍ത്താസമ്മേളനത്തില്‍ ഉദ്യോഗസ്ഥനെ കൊണ്ട് മാപ്പ് പറയിക്കാനും അവര്‍ മറന്നില്ല. അദ്ദേഹത്തില്‍ നിന്ന് അരദിവസത്തെ ശമ്പളവും പിഴയായി ഈടാക്കി. 12 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഉച്ചഭക്ഷണ സമയമെന്നും സമയമാവുന്നതിന് മുമ്പ് അദ്ദേഹം ഡെസ്‌ക്കില്‍ നിന്ന് എഴുന്നേറ്റതായും വാട്ടര്‍ വര്‍ക്‌സ് ബ്യൂറോ വക്താവ് പറഞ്ഞു. ഉദ്യോഗസ്ഥര്‍ പ്രവൃത്തി സമയങ്ങളില്‍ കര്‍മനിരതരാവണമെന്ന സര്‍വീസ് ചട്ടം അദ്ദേഹം ലംഘിച്ചതായും വക്താവ് കുറ്റപ്പെടുത്തി.
പ്രാദേശിക മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതരുടെ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജപ്പാനിലെ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദങ്ങള്‍ക്കെതിരേ ജപ്പാന്‍ എം.പിമാര്‍ നിയമം പാസ്സാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. ഒരുമാസം 100 മണിക്കൂറിനെക്കാള്‍ കൂടുതല്‍ ഓവര്‍ ടൈം ജോലി എടുപ്പിക്കരുതെന്ന് അനുശാസിക്കുന്നതാണ് നിയമം. അധികം സമയം ജോലി ചെയ്യാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിക്കുന്നതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം കാരണം മരിക്കുന്ന ജീവനക്കാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണം.
ഉച്ചഭക്ഷണത്തിനായി നേരത്തേ പോയ ഉദ്യോഗസ്ഥനു വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേര്‍ രംഗത്തെത്തി. മൂത്രമൊഴിക്കാനും മറ്റും പുറത്തിറങ്ങുന്നവരെയും ഇങ്ങനെ ശിക്ഷിക്കുമോ എന്നതായിരുന്നു ഒരാളുടെ ചോദ്യം. ശരീശരി ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ഇദ്ദേഹം മൂന്ന് മിനുട്ട് മുമ്പ് ഓഫീസില്‍ നിന്ന് ഇറങ്ങിയതെന്നും ഇത് ശിക്ഷിക്കപ്പെടാന്‍ മാത്രം വലിയ വീഴ്ചയല്ലെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ ഉറങ്ങുന്ന രാഷ്ട്രീയക്കാരെ പുറത്താക്കുമോ എന്നതായിരുന്നു സംഭവവുമായി ബന്ധപ്പെട്ട മറ്റൊരാളുടെ ചോദ്യം. ഏതായാലും ജപ്പാനിലെ കര്‍ശനമായ തൊഴില്‍ സംസ്‌ക്കാരത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ് കോബെ സംഭവം.