എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്. കേന്ദ്ര തീരുമാനം രാജ്യവിരുദ്ധമാണെന്ന് പ്രതികരിച്ച സുബ്രഹ്മണ്യന്‍ സ്വാമി താന്‍ ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതമാകുകയാണെന്ന് ട്വീറ്റിലൂടെ പ്രതികരിച്ചു.
രാജ്യദ്രോഹപരമായ നടപടിയാണ് എയര്‍ ഇന്ത്യ വില്‍ക്കുന്നതിലൂടെ സ്വീകരിക്കുന്നതെന്നും സുബ്രഹ്മണ്യംസ്വാമി വിമർശിച്ചു. രാജ്യത്തിന്‍റെ സ്വകാര്യസ്വത്ത് വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ വിൽക്കാനുള്ള സർക്കാരിന്റെ പദ്ധതിയെ ആദ്യം മുതല്‍ എതിര്‍ക്കുന്നയാളാണ് സുബ്രമണ്യം സ്വാമി. രാഷ്ട്രീയവും നിയമപരവുമായ പ്രതിസന്ധികളെ സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും സുബ്രമണ്യം സ്വാമി നേരത്തെ കൊടുത്തിരുന്നു.
“ഇപ്പോൾ, അത് (എയർ ഇന്ത്യ ഓഹരി വിറ്റഴിക്കൽ) കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ മുമ്പിലാണ്, ഞാൻ അതിൽ അംഗമാണ്. അടുത്ത യോഗത്തിൽ ചർച്ച ചെയ്യുന്ന ഒരു കുറിപ്പ് നൽകാൻ എന്നോട് ആവശ്യപ്പെട്ടു. അവർക്ക് ഇത് കൂടാതെ മുന്നോട്ട് പോകാൻ കഴിയില്ല, അവർ അങ്ങനെ ചെയ്താൽ ഞാൻ കോടതിയിൽ പോകും. അതും അവർക്കറിയാം’’ സുബ്രമണ്യം സ്വാമി നാലു ദിവസം മുമ്പ് മാധ്യമങ്ങളോട് പറഞ്ഞതാണ്.
എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തില്‍ ആദ്യം മുതല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സ്വാമി നേരത്തെ എയർ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യാനും നിർദ്ദേശിച്ചിരുന്നു.
എയര്‍ ഇന്ത്യ നഷ്ടത്തില്‍ നിന്ന് കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് എന്തിനാണ് വില്‍ക്കുന്നതെന്ന് അദ്ദേഹം മോദിയെ ടാഗ് ചെയ്ത് ചോദിക്കുന്നു. ഏപ്രില്‍-ഡിസംബര്‍ കാലത്ത് എയര്‍ ഇന്ത്യ ലാഭത്തിലാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
സര്‍ക്കാരിന് പണമില്ലാത്തതിനാല്‍ ആസ്തികളെല്ലാം വിറ്റഴിക്കുകയാണെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ കൈയില്‍ കാശില്ല. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. അതിനാണ് ഇതൊക്കെ ചെയ്യുന്നത്. എല്ലാ വിലപിടിപ്പുള്ള ആസ്തികളും വില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.