നിപ കാലത്ത് മരണത്തെപ്പോലും വകവയ്ക്കാതെ സേവനം ചെയ്ത ജീവനക്കാരെ ആരോഗ്യ വകുപ്പ് പിരിച്ചു വിട്ടു. നിപ വൈറസ് വ്യാപകമായ കാലത്ത് ജോലിചെയ്ത കരാര്‍ത്തൊഴിലാളികളെയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടത്. ഇതോടെ ജോലി സ്ഥിരപ്പെടുത്തുമെന്ന ആരോഗ്യമന്ത്രിയുടെ വാഗ്ദാനം വെറുവാക്കായി.
42 പേര്‍ നാളെ മുതല്‍ ജോലിക്ക് വരേണ്ടന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ശുചീകരണ തൊഴിലാളികളും നഴ്‌സിങ് അസിസ്റ്റന്റുമാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരാണ് തൊഴില്‍രഹിതരാകുന്നത്. നിപകാലത്തെ സേവനം കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഒരു പട്ടികയും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വഴി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
നിപകാലത്ത് സേവനമനുഷ്ഠിച്ച സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റും പ്രമോഷനും കൊടുക്കുമ്പോഴാണ് താല്‍കാലിക ജീവക്കാര്‍ തെരുവിലിറങ്ങേണ്ടി വരുന്നത്. സേവനത്തിന് നല്‍കാമെന്ന് പറഞ്ഞ പ്രശസ്തിപത്രം പോലും ഇവര്‍ക്ക് നല്‍കിയിട്ടില്ല. ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ജീവനക്കാര്‍ പരാതിനല്‍കിയിട്ടുണ്ട്