തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ അസാധുവായി. ഇന്നലെ രാത്രി 12 മണി വരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് നിയമസാധുത. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ശീതസമരം പുതിയ വഴിത്തിരിവിലെത്തി. മുഖ്യമന്ത്രി ഗവര്‍ണറെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് കരുതുന്നത്. ഇനി നിയമസഭയില്‍ ബില്ലായി കൊണ്ടുവന്ന് പാസാക്കുകയാണ് സര്‍ക്കാരിനുമുമ്പിലുള്ള വഴി. വ്യാഴാഴ്ച ഗവർണർ തിരുവനന്തപുരത്തെത്തിയശേഷമാകും തുടര്‍നടപടികള്‍ തീരുമാനിക്കുക.
തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഈ ഓര്‍ഡിനന്‍സുകള്‍ക്ക് സാധുതയുണ്ടായിരുന്നത്. ഇന്നലെ റദ്ദായതോടെ ഈ ഓര്‍ഡിനന്‍സുകള്‍ വരുന്നതിനുമുമ്പുള്ള നിയമം എന്തായിരുന്നുവോ അതാണ് ഇനി നിലനില്‍ക്കുക. ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്നും പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയെ പാർട്ടിയുടെ നേതൃതല യോഗം ചുമതലപ്പെടുത്തിയതായുമാണ് അറിയുന്നത്. നിയമം പാസാക്കാൻ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാനും പാര്‍ട്ടി നിര്‍ദേശമുണ്ട്. എന്നാല്‍ ഇതിന് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമാണ്. ഓര്‍ഡിനന്‍സുകളില്‍ ഗവർണർ പിന്നീട് ഒപ്പിട്ടാൽ ഭേദഗതിക്ക് മുൻകാല പ്രാബല്യം കിട്ടും.
രാജ്ഭവന് വഴിയും നേരിട്ടും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളും ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഓര്‍ഡിനന്‍സുകള്‍ പാസാക്കാന്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കുറിയും ഒക്‌ടോബറില്‍ പ്രത്യേക സഭാസമ്മേളനം ചേരുമെന്നും ചീഫ് സെക്രട്ടറി ഗവര്‍ണറെ അറിയിച്ചു. 11ന് രാത്രിയോടെയേ ഗവര്‍ണര്‍ കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയുള്ളൂ.
മൂന്നുദിവസമായി ഡല്‍ഹിയില്‍ തുടരുന്നതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവച്ചിട്ടില്ല. ഡിജിറ്റല്‍ ഒപ്പിന് അംഗീകാരമുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കൃത്യമായ വിശദീകരണം കിട്ടിയിട്ടേ അതിനുള്ളൂ എന്ന നിലപാടിലാണ് ഗവര്‍ണര്‍. ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്നലെ അവസാനിക്കുകയും ചെയ്‌തു. രാത്രി വൈകിയും രാജ്‌ഭവന് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നിട്ടും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാത്തതിലാണ് ഗവര്‍ണര്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ സമ്മേളനം ബജറ്റ് പാസാക്കാന്‍ മാത്രമായിരുന്നെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഓര്‍ഡിനന്‍സുകളില്‍ കണ്ണും പൂട്ടി ഒപ്പിടില്ലെന്നും ഒരുമിച്ച് ഓര്‍ഡിനന്‍സുകള്‍ തരുമ്പോള്‍ പഠിക്കാന്‍ സമയം വേണമെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പട്ടത്. ഓര്‍ഡിനന്‍സ് ഭരണം അഭികാമ്യമല്ലെന്നും അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചു. ഓര്‍ഡിനന്‍സുകളില്‍ കൃത്യമായ വിശദീകരണം വേണമെന്നും ഒരുമിച്ച് തന്ന് തിരക്കുകൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല വൈസ്‌ചാന്‍സലറര്‍മാരെ കണ്ടെത്തുന്നതിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കുന്ന ഓര്‍ഡിനന്‍സും പരിഗണിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ഇതോടെയാണ് വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കനത്തത്. ഇതോടൊപ്പം കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍വകലാശാലയുടെ പ്രതിനിധിയായി ആസൂത്രണബോര്‍ഡ് വൈസ് ചാന്‍സലറെ തീരുമാനിച്ചെങ്കിലും അദ്ദേഹം പിന്മാറി. ഇതും ഗവര്‍ണറെ ചൊടിപ്പിച്ചു. തുടര്‍ന്ന് സ്വന്തം നിലയില്‍ അദ്ദേഹം സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തിരുന്നു.