തിരുവനന്തപുരം: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് കക്കംപാറയില്‍ ചൂരക്കാട് ബിജു (34) വെട്ടേറ്റു മരിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് നിര്‍ദേശിച്ചു.
കൊലപാതകത്തില്‍ അടിയനന്തരവും ശക്തവുമായ നടപടി വേണമെന്നാണ് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പട്ടിരിക്കുന്നത്. രാവിലെ രാജ്ഭവനിലെത്തി തന്നെ കണ്ട ബിജെപി നേതാക്കള്‍ സമര്‍പ്പിച്ച നിവേദനവും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
കണ്ണൂരില്‍ സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ നേരത്തേയും ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.
രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണറെ ബിജെപി നേതാക്കള്‍ കണ്ണൂര്‍ ജില്ലയില്‍ അഫ്സ്പ (സായുധ സേന പ്രത്യേകാധികാര നിയമം) നടപ്പാക്കണമെന്നാവശ്യപ്പെട്ടിരുന്നു.
കണ്ണൂരില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടിരിക്കുകയാണെന്നും സര്‍ക്കാരിന്റെ സഹായത്തോടെയാണ് അക്രമം നടക്കുന്നതെന്നും ബിജെപി നേതാക്കള്‍ അദ്ദേഹത്തോട് പരാതിപ്പെട്ടു. ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്നും ഇതില്‍ പതിമൂന്ന് പേരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്നും സംഘത്തെ നയിച്ച ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ അത്യാവശ്യമാണെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്