തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ അഴിമതി നടന്നെന്ന് വി.ഡി സതീശന്‍ ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട നിയമസഭാ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. വി.ഡി സതീശന്‍ എംഎല്‍എയുടെ സ്റ്റാഫാണ് ഇയാള്‍. നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫിസിലെ അറ്റന്‍ഡറായ നിസാര്‍ പേരൂര്‍ക്കടയെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. നേരത്തെ പോസ്റ്റ് വിവാദമായതോടെ നെറികെട്ട ഭാഷ ഉപയോഗിച്ച സര്‍ക്കാര്‍ ജീവനക്കാരനെതിരെ മന്ത്രി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ സര്‍ക്കാരിന്റെ നടപടിയും.
നിയമസഭയില്‍ വി.ഡി സതീശന്‍ തുടര്‍ച്ചയായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തത് വഴി 6.87 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു സതീശന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മേഴ്‌സിക്കുട്ടിയമ്മ വിശദീകരിച്ചിരുന്നു. തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാം. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും ചട്ടപ്രകാരമാണ് സ്ഥാപനത്തില്‍ നിയമനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പ്രചരിച്ചത്.
നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഓഫിസിലെ അറ്റന്‍ഡറായ നിസാര്‍ പേരൂര്‍ക്കടയാണ് മന്ത്രിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഫോട്ടോക്കൊപ്പമാണ് അധിക്ഷേപിച്ചുളള വാക്കുകള്‍ ഇയാള്‍ പ്രചരിപ്പിച്ചത്. കശുവണ്ടിയെ കാശുവണ്ടിയാക്കി മാറ്റിമറിച്ച വിപ്ലവകാരി എന്നാണ് മന്ത്രിയെ ഇയാള്‍ വിശേഷിപ്പിച്ചത്. നിങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന രണ്ടാം വിക്കറ്റാണ് ഇതെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ യുഡിഎഫ് അനുഭാവികള്‍ അടക്കമുളളവര്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഇതിനെതിരെ മന്ത്രി തന്നെ രംഗത്ത് എത്തി. മന്ത്രി പരാതി നല്‍കിയതിനുശേഷം ഫെയ്‌സ്ബുക്കില്‍ നിന്നും നിസാം പോസ്റ്റ് ഒഴിവാക്കിയിരുന്നു.