ന്യുഡൽഹി : കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. മരണവിവരം വിങ്ങിപ്പൊട്ടിക്കൊണ്ടാണ് പ്രതിരോധമന്ത്രി പങ്കുവെച്ചത് ബംഗളൂരുവിലെ സൈനിക ആശുത്രിയിലാണ് വരുൺ സിംഗിനെ അന്ത്യം. നന്നേ ചെറുപ്പമായിരുന്നു .39 വയസായിരുന്നു. ഉത്തർ പ്രദേശ് കൻഹോലി സ്വദേശിയായ വരുൺ സിംഗ് അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാളായിരുന്നു.
ധീരതയ്ക്കുള്ള ശൗര്യ ചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അപകടത്തില്‍ വരുൺ സിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അദ്ദേഹത്തിന് ചർമം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാർത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചർമം ബംഗളുരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കമാൻഡ് ആശുപത്രിക്ക് കൈമാറിയിരുന്നു.
ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ മരണവിവരം അറിയിക്കുന്നതിനിടെ വികാരാധീനനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഡെറാഡൂണിൽ മുൻ സേനാംഗങ്ങൾക്കായി ബിജെപി നടത്തിയ പരിപാടിയിൽ പ്രസംഗിക്കവേയാണു മരണവിവരം രാജ്നാഥ് അറിഞ്ഞത്. അൽപനേരം മൗനം പാലിച്ച രാജ്നാഥ് പിന്നാലെ വിവരം സദസ്സിനെ അറിയിച്ചു. എല്ലാവരോടും എഴുന്നേറ്റ് നിന്ന് ഒരു നിമിഷം പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സംസാരിക്കാനാവില്ലെന്നു പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരിൽ ഹെലികോപ്റ്റര്‍ തകർന്ന് അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം.ആകാശത്ത് നിയന്ത്രണം വിട്ട് പാഞ്ഞ തേജസ്സ് യുദ്ധവിമാനത്തെ ചങ്കൂറ്റത്തിന്റെ ബലത്തിൽ സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാജ്യത്തിനു നഷ്ടമാകുന്നത് വ്യോമസേനയിലെ ഏറ്റവും മികച്ച യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളെ.
2020 ഒക്ടോബർ 12നാണ് വരുൺ പറത്തിയ യുദ്ധവിമാനം സാങ്കേതിക തകരാർ മൂലം നിയന്ത്രണം വിട്ട് കുതിച്ചത്. ഈ ഘട്ടത്തിൽ, വിമാനം ഉപേക്ഷിച്ച് പാരഷൂട്ടിൽ സുരക്ഷിതമായി ഇറങ്ങാനാണ് സാധാരണ നിലയിൽ പൈലറ്റുമാർ ശ്രമിക്കാറുള്ളത്. എന്നാൽ, വിമാനം ഉപേക്ഷിക്കാൻ വരുൺ തയാറായിരുന്നില്ല. സെക്കന്റുകൾക്കിടയിൽ നടത്തിയ പലതരം സാങ്കേതിക പ്രവർത്തനങ്ങളിലൂടെ അദ്ദേഹം നിയന്ത്രണം വീണ്ടെടുത്തു. പിന്നാലെ സുരക്ഷിതമായി നിലത്തിറക്കി. ആ ധീരപ്രവൃത്തിക്കുള്ള അംഗീകാരമായി രാജ്യം നൽകിയ ശൗര്യചക്ര പുരസ്കാരം കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ അദ്ദേഹം രാഷ്ട്രപതി റാം നാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി.
മധ്യപ്രദേശിലെ ഭോപാൽ സ്വദേശിയായ വരുണിന്റെ വീട് നിറയെ സേനാംഗങ്ങളായിരുന്നു– അച്ഛൻ കേണൽ കെ.പി.സിങ്ങും അമ്മാവൻ കേണൽ ആർ.പി. സിങ്ങും മുൻ കരസേനാംഗങ്ങൾ, സഹോദരൻ കമാൻഡർ തനുജ് സിങ് നാവികസേനാംഗം.
2003 ൽ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) നിന്നു പാസായ വരുൺ, കുടുംബത്തിൽ നിന്നുള്ള ആദ്യ വ്യോമസേനാംഗമായി. 2004 ൽ യുദ്ധവിമാന പൈലറ്റായി വ്യോമസേനയിൽ ചേർന്നു. തേജസ്സ്, ജാഗ്വർ വിമാനങ്ങളുടെ പരീക്ഷണ പൈലറ്റായിരുന്നു അദ്ദേഹം. സേനയിലെ ഏറ്റവും മികച്ച പൈലറ്റുമാരെയാണു യുദ്ധവിമാനങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള പരീക്ഷണ പൈലറ്റുമാരായി നിയോഗിക്കുന്നത്.
2019 ൽ ഐഎസ്ആർഒ പ്രഖ്യാപിച്ച ഗഗൻയാൻ പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ആരോഗ്യകാരണങ്ങളാൽ പിന്നീട് ഒഴിവാക്കി. ഹരിയാനയിൽ പഠിച്ച ചാന്ദിമന്ദിർ ആർമി പബ്ലിക് സ്കൂളിലെ കുട്ടികൾക്കായി അദ്ദേഹം എഴുതിയ കത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരാശരി വിദ്യാർഥിയിൽ നിന്ന് മികച്ച യുദ്ധവിമാന പൈലറ്റായി മാറിയ കഥ പങ്കുവയ്ക്കുന്ന കത്ത് ശൗര്യചക്ര നേടിയ വേളയിലാണ് എഴുതിയത്.
വ്യോമസേനാ ഹെലികോപ്റ്റര്‍ കൂനുരിലെ മലനിരയില്‍ തകര്‍ന്നു വീണപ്പോള്‍ ആദ്യം ഓടിയെത്തിയത് നഞ്ചപ്പസത്രമെന്ന് ഗ്രാമത്തിലെ ഒരുപറ്റം സാധാരണക്കാരാണ്. കോപ്റ്ററില്‍ നിന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് കത്തിയമര്‍ന്ന ചിലര്‍ താഴേക്ക് പതിക്കുന്നത് കണ്ടിട്ടും അടിപതറാതെ അവര്‍ ഓടിയെത്തി. ജീവന്റെ അംശം എവിടെയെങ്കിലും ബാക്കിയുണ്ടോയെന്ന് നോക്കി ഓരോരുത്തരെയായി എടുത്ത് ആശുപത്രിയിലേക്ക് ഓടി. പുറത്തെടുക്കുമ്പോള്‍ സംയുക്ത സൈന്യാധിപന്‍ ബിപിന്‍ റാവത്തിന് ജീവനുണ്ടായിരുന്നു. വേദനയിലും രക്ഷാപ്രവര്‍ത്തകരോട് അദ്ദേഹം പേരു പറഞ്ഞു.
ബിപിന്‍ റാവത്തിനെ രക്ഷപ്പെടുത്താനാവും എന്നായിരുന്നു ഗ്രാമവാസികള്‍ കരുതിയത്. ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും നിര്‍ഭാഗ്യവശാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ജീവന്റെ തുടിപ്പ് ബാക്കിയുള്ള വ്യോമസനേ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിലായിരുന്നു പിന്നീടുള്ള പ്രതീക്ഷകള്‍. ജീവന്‍ പണയപ്പെടുത്തിയാണ് വരുണ്‍ സിംഗിന് പുറത്തെടുക്കുന്നത്. ആദ്യം ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രകാരം 45 ശതമാനത്തിലേറെ പൊള്ളലേറ്റ വരുണ്‍ സിംഗ് ജീവിതത്തിലേക്ക് തിരികെ വരുമെന്നായിരുന്നു പ്രതീക്ഷ. ഭാര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച വരുണ്‍ മരുന്നുകളോട് ആദ്യഘട്ടത്തില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു.
വരുണ്‍ സിംഗ് ഇപ്പോഴും ജീവനോടയിരിക്കാന്‍ കാരണം ഗ്രാമവാസികളാണെന്ന് ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ഓഫീസര്‍ ലഫ്. ജനറല്‍ എ.അരുണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരു്ന്നു. കരസേന നഞ്ചപ്പസത്രം ദത്തെടുക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച ഗ്രാമവാസികള്‍ക്ക് കരസേന കഴിഞ്ഞ ദിവസം അവശ്യ സാധനങ്ങള്‍ വിതരണം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ലഫ്. ജനറല്‍ എ.അരുണ്‍ ഇക്കാര്യം പറഞ്ഞത്.
പുതപ്പുകള്‍, സോളര്‍ എമര്‍ജന്‍സി ലൈറ്റുകള്‍, റേഷന്‍ എന്നിവയാണ് വിതരണം ചെയ്തതത്. കൂടാതെ അപകടവിവരം ആദ്യം അറിയിച്ച 2 പേര്‍ക്കു 5000 രൂപ വീതവും കരസേന നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പൊലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍, വനം ജീവനക്കാര്‍, കരസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ കൈമാറിയിരുന്നു.
കൂനുരിലെ പോലെയുള്ള അപകടങ്ങള്‍ നടക്കുമ്പോള്‍ ഏറ്റവും പ്രയാസകരമായ കാര്യമാണ് രക്ഷാപ്രവര്‍ത്തനം. മിക്ക ആകാശ അപകടങ്ങളും കടലിലോ നിബിഡ വനത്തിലോ ആയിരിക്കും നടക്കുക. അധികൃതര്‍ക്ക് ഇവിടങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. എന്നാല്‍ ഇതൊന്നും തടസമക്കാതെ ഓടിയെത്തിയ നഞ്ചപ്പസത്രത്തിന്റെ ജീവന്‍ പണയപ്പെടുത്തിയ പ്രയത്‌നമാണ് വരുണ്‍ സിംഗ്. രാജ്യത്തിന്റെ ധീരപുത്രന്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ അത് നഞ്ചപ്പസത്രത്തിന്റെ കൂടെ നഷ്ടമാണ്.