കൊച്ചി :മലയാളസിനിമ മേഖലയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കാവുന്ന വിധത്തില്‍ ഗ്രൂപ്പിസം വളരുന്നതായി റിപ്പോര്‍ട്ട് .കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മലയാള സിനിമയില്‍ താരങ്ങള്‍ തമ്മില്‍ രണ്ട് ഗ്രൂപ്പുകളായി മാറിയെന്ന് ചില ഓണ്‍ലൈനെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . നടിമാര്‍ക്കൊപ്പം ശക്തമായി നിന്നവരും പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചവരുമാണ് ആശയപരമായി അഭിപ്രായ വ്യത്യാസമുള്ളത്. അമ്മയെ പിളര്‍ത്താതെ നടിമാരുടെ നേതൃത്വത്തില്‍ പുതിയ സംഘടന ഉണ്ടായതും അതുകൊണ്ടാണ്.അമ്മ ഇതുവരെ പിളര്‍ന്നിട്ടില്ല .എന്നാല്‍ ഭാവിയില്‍ അതും സംഭവിക്കാം എന്നും വിലയിരുത്തപ്പെടുന്നവരുണ്ട്.
അമ്മയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന പ്രമുഖ നടനോടുള്ള എതിര്‍പ്പും ഇതിന് പിന്നിലുണ്ട്. നിവിന്‍പോളി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ടൊവീനോ തുടങ്ങിയ യുവ നടന്‍മാരെല്ലാം നടിമാരുടെ സംഘടനക്ക് പിന്തുണയുമായി എത്തി. എന്നാല്‍ സീനിയര്‍ നടന്‍മാര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പുതിയ സംഘടന ഉണ്ടാക്കിയത് അവര്‍ക്ക് ദഹിച്ചിട്ടില്ല.
മമ്മൂട്ടിയും ഇന്നസെന്റും സര്‍ക്കാരിന്റെ അടുത്ത ആളുകളായിട്ട് കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടനക്ക് എല്ലാ പിന്തുണയും നല്‍കി. കൂടാതെ അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വനിത ജസ്റ്റിസ് അധ്യക്ഷയായ കമ്മീഷനെയും രൂപീകരിച്ചു. ഇത് അക്ഷരാര്‍ത്ഥത്തില്‍ അമ്മയെ ഞെട്ടിച്ചു. ഇതിനെയെല്ലാം പരസ്യമായി പിന്തുണയ്ക്കാന്‍ ഒരു കൂട്ടം യുവനടന്‍മാരും നടിമാരും എത്തി എന്നതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാന്‍ അമ്മയുടെ നേതൃത്വം മൗനം പാലിക്കുകയാണ്. എന്തെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് അവര്‍ക്കറിയാം. ഒരാളുടെയും അജണ്ട ഇനി സിനിമാ മേഖലയിലും സംഘടനയിലും നടക്കില്ലെന്നാണ് യുവതാരങ്ങളുടെ പരസ്യപിന്തുണയിലൂടെ വ്യക്തമാകുന്നത്.
യുവസംവിധായകരും നടിമാരുടെ സംഘടനയ്ക്ക് പിന്തുണ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നടിമാര്‍ രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്ന അമ്മയുടെ തീരുമാനത്തെ പരിഹസിച്ച് സംവിധായകന്‍ ആഷിഖ് അബു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതെല്ലാം കണ്ടിട്ടും ഇഷ്ടമില്ലാത്ത പലരും ആഷിക്കിനെതിരെ തിരിഞ്ഞില്ല. അമ്മ ജനറല്‍ സെക്രട്ടറി മമ്മൂട്ടി എല്ലാ കാര്യത്തിലും തികഞ്ഞ മൗനം പാലിക്കുകയാണ്. എന്നാല്‍ മോഹന്‍ലാല്‍ തന്റെ നിലപാടുകള്‍ പ്രസിഡന്റ് ഇന്നസെന്റിനെയും മമ്മൂട്ടിയെയും അപ്പപ്പോള്‍ അറിയിക്കുന്നുണ്ട്. സംഘടന പിളരാതിരിക്കാന്‍ നടിമാരുടെ സംഘടനയ്ക്കെതിരെ മിണ്ടാതിരിക്കുകയാണ് നല്ലതെന്ന് അമ്മ നേതൃത്വത്തിനറിയാം.