
ചരക്കു സേവന നികുതി (ജിഎസ്ടി)യില്‍ ഉയര്‍ന്ന സ്‌ളാബായ 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്ന 117 ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. സോപ്പുപൊടി, ഷാംപൂ, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഡിയോഡറന്റ്, ഷൂ പോളിഷ്, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, ചോക്കളേറ്റ്, ചുയിംഗം തുടങ്ങിയ 117 ഉത്പന്നങ്ങളുടെ നികുതിയാണ് കുറച്ചത്. ഇതുവരെ 227 ഉത്പന്നങ്ങള്‍ക്കാണ് 28 ശതമാനം ജിഎസ്ടി ഈടാക്കിയിരുന്നത്. പുതിയ തീരുമാനമനുസരിച്ച് 50 ഉപ്ന്നങ്ങള്‍ക്ക് മാത്രമാകും ഇനി 28 ശതമാനം നികുതി. ബിഹാര്‍ ധനകാര്യ മന്ത്രി സുശീല്‍ മോഡിയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്. ചോക്കളേറ്റ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, മാര്‍ബിള്‍, ഡിയോഡറന്റ്, ആഫ്റ്റര്‍ ഷേവ് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 18 ശതമാനം ജിഎസ്ടിയാക്കാനാണ് കൗണ്‍സില്‍ തീരുമാനം. അതേസമയം, പെയിന്റ്, സിമന്റ്, ആഡംബര ഉത്പന്നങ്ങളായ എയര്‍ കണ്ടീഷണര്‍, വാഷിങ് മെഷീന്‍ എന്നിവ 28 ശതമാനം സ്ലാബില്‍ തുടരും.