
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് ആയ രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താനാകുമോ ?44 ലോക സഭ സീറ്റിൽ നിന്നും നാല് സംസ്ഥാനത്തേക്ക് ഇന്ന് കോൺഗ്രസ് ചുരുങ്ങുമോ എന്ന് രാജ്യം ഉറ്റു നോക്കുന്ന ഫലം ഇൻ നു വരുന്നു.ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ഇന്നറിയാം . രാവിലെ എട്ടിനു വോട്ടെണ്ണൽ തുടങ്ങും. പത്തോടെ ആദ്യഫല സൂചനകൾ ലഭ്യമാകും. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകൾ വേണം. സംസ്ഥാനത്തു നടത്തിയ ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിക്കുന്നു. ഹിമാചലിൽ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന. വോട്ടർ പോളിങ് ബൂത്തിൽനിന്നു പുറത്തിറങ്ങുന്ന ഉടൻ ശേഖരിക്കുന്ന വിവരമാണ് എക്സിറ്റ് പോളിൽ രേഖപ്പെടുത്തുന്നത്. ഇതിനാൽ തിരഞ്ഞടുപ്പിനു മുൻപു നടത്തുന്ന അഭിപ്രായ സർവേകളേക്കാൾ കൃത്യത എക്സിറ്റ് പോളിന് അവകാശപ്പെടാം. എക്സിറ്റ് പോൾ ഏജൻസി തിരഞ്ഞെടുക്കുന്ന വോട്ടർമാരുടെ സാംപിളുകളിൽനിന്നാണു വിവരം ശേഖരിക്കുന്നതും പ്രവചനം നടത്തുന്നതും. 1967ലാണ് എക്സിറ്റ് പോളുകളുടെ തുടക്കം. ഡച്ച് സോഷ്യോളജിസ്റ്റ് മാർസെൽ വാൻ ഡാം, യുഎസിലെ സിബിഎസ് ടിവി ചാനലിലെ വാറൻ മിറ്റോഫ്സ്കി എന്നിവരാണു തുടക്കക്കാർ.
അതേസമയം പരാജയം മനത്തപോലെ പ്രതിപക്ഷം പ്രതികരിച്ചുതുടങ്ങി.ഗുജറാത്ത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തുന്നതിന് ബിജെപി ഒരു സംഘം എൻജിനീയർമാരെ വാടകയ്ക്കെടുത്തിരുന്നെന്ന ആരോപണവുമായി പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ. വോട്ടിങ് യന്ത്രത്തിൽ ബിജെപി തിരിമറി നടത്തിയിരിക്കാമെന്നുപറഞ്ഞ് രണ്ടു ദിവസത്തിനുള്ളിലാണ് ഹാർദിക് ആരോപണം കടുപ്പിച്ചത്.
ട്വിറ്ററിലൂടെയാണ് ഹാർദിക്കിന്റെ ആരോപണം. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ 140 എൻജിനീയർമാരെ ഇതിനായി വാടകയ്ക്കെടുത്തു. 4,000 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തി. വിസ്നനഗർ, രാധൻപുർ തുടങ്ങി പട്ടേൽ വിഭാഗക്കാർക്ക് നിർണായക സ്വാധീനമുള്ള മേഖലകളിലും ആദിവാസി മേഖലകളിലുമാണ് വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടത്തിയതെന്നും ഹാർദിക് പട്ടേൽ വിശദീകരിച്ചു.
മനുഷ്യശരീരം പോലുള്ള ദൈവീക സൃഷ്ടികളിൽ കൃത്രിമം കാട്ടാമെങ്കിൽ എന്തുകൊണ്ട് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ തിരിമറി കാട്ടിക്കൂടെന്നും പട്ടേൽ പിന്നീടു ചോദിച്ചു. ബിജെപിക്കാർ തിരിമറി നടത്താൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്നും മുന്നറിയിപ്പു നൽകി കഴിഞ്ഞദിവസവും ഹാർദിക് രംഗത്തെത്തിയിരുന്നു. വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്തിയെങ്കിൽ മാത്രമെ ഗുജറാത്തിൽ ബിജെപിക്കു ജയിക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഗുജറാത്തിൽ തുടർച്ചയായി ആറാം തവണയും ബിജെപി അധികാരം നേടുമെന്ന് ഏഴ് എക്സിറ്റ് പോളുകളും ഒരേസ്വരത്തിൽ പറയുന്നു. ഇതേസമയം, കോൺഗ്രസിന് ഇപ്പോഴത്തെ അവസ്ഥയെക്കാൾ മെച്ചപ്പെട്ട പ്രകടനവും എല്ലാവരും ഉറപ്പുനൽകുന്നുണ്ട്. രണ്ടു പാർട്ടികളും തമ്മിൽ വോട്ട് ശതമാനത്തിൽ നേരിയ വ്യത്യാസമേ ഉണ്ടാവുകയുള്ളൂ. സംസ്ഥാനത്തു നടന്ന ഉശിരൻ പോരാട്ടത്തിന്റെ സൂചകമാണിത്. ഗുജറാത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റുകൾ ലഭിക്കില്ലെന്നാണ് ഏഴ് എക്സിറ്റ് പോളുകളിൽ നാലും പ്രവചിക്കുന്നത്. മൂന്ന് എക്സിറ്റ് പോളുകൾ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റ് സാധ്യത പറയുന്നു.
ആകെ 182 സീറ്റുള്ള ഗുജറാത്തിൽ 2012ലെ തിരഞ്ഞെടുപ്പിൽ ബിജെപി 115, കോൺഗ്രസ് 61 സീറ്റുകളാണു നേടിയത്. കൂറുമാറ്റവും രാജിയുമെല്ലാം കഴിഞ്ഞ് ഇപ്പോൾ കോൺഗ്രസിനൊപ്പമുള്ളതു 44 എംഎൽഎമാർ. ഇതിനെക്കാൾ മികച്ച നില കോൺഗ്രസിനു വരുമെന്നാണ് എല്ലാ പ്രവചനങ്ങളും. ബിജെപിക്ക് 99–135 സീറ്റാണു വിവിധ എക്സിറ്റ് പോളുകൾ പറയുന്നത്. കോൺഗ്രസിനു 47–82 സീറ്റ്. തുടർവിജയത്തിന്റെ ചരിത്രമാണു ഗുജറാത്തിനുള്ളതെങ്കിൽ ഹിമാചലിലെ പതിവ് കേരളത്തിലേതുപോലെ ഭരണം മാറിമാറി വരുന്നതാണ്. ഗുജറാത്തിൽ 1995, 1998, 2002, 2007, 2012 തിരഞ്ഞെടുപ്പുകളിൽ അധികാരം നേടിയ ബിജെപി തുടർച്ചയായ ആറാം വിജയത്തിലേക്കാണ് ഉറ്റുനോക്കുന്നത്.
കോൺഗ്രസും ബിജെപിയും മാറിമാറി ഭരണം നേടുന്ന ഹിമാചലിൽ 1993, 2003, 2012 വർഷങ്ങളിൽ വിജയം കോൺഗ്രസിനൊപ്പമായിരുന്നു; 1998, 2007 വർഷങ്ങളിൽ ബിജെപിക്കൊപ്പവും. 68 അംഗ സഭയിൽ ഇത്തവണ ബിജെപി 38–55 സീറ്റ് നേടി അധികാരത്തിലെത്തും; കോൺഗ്രസിന് 13–29 സീറ്റ് ആണു പ്രവചനം. പ്രമുഖ തിരഞ്ഞെടുപ്പു വിശാരദനായ യോഗേന്ദ്ര യാദവ് ഗുജറാത്തിൽ കോൺഗ്രസ് വിജയം നേരത്തേ പ്രവചിച്ചിരുന്നു. എന്നാൽ, എല്ലാ എക്സിറ്റ് പോളുകളും ഒരേ സ്വരത്തിൽ ബിജെപി വിജയം പറയുന്നതിനാൽ അതിനോടു യോജിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും നിയുക്ത പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടിയ ഗുജറാത്തിൽ ഇവർ ഇരുവരും തന്നെയായിരുന്നു മുഖ്യപ്രചാരകരും. ബിജെപിക്കു ഗുജറാത്ത് വിജയം അഭിമാനത്തിന്റെ പ്രശ്നമായപ്പോൾ കോൺഗ്രസിനു ജീവൻ വീണ്ടെടുക്കാനുള്ള വെല്ലുവിളിയായി. ഹിമാചൽപ്രദേശിൽ കൂടി ഭരണം നഷ്ടപ്പെടുകയാണെങ്കിൽ രാജ്യത്ത് ഇനി കോൺഗ്രസ് ഭരണത്തിൽ നാലു സംസ്ഥാനങ്ങൾ മാത്രമായി ചുരുങ്ങും – കർണാടക, പഞ്ചാബ്, മേഘാലയ, മിസോറം.