സ്വന്തം ലേഖകൻ
ടെഹ്‌റാൻ: ഉത്തരകൊറിയ – അമേരിക്ക യുദ്ധ സാധ്യതയ്ക്കു പിന്നാലെ ഗൾഫ് മേഖലയും യുദ്ധ ഭീതിയിൽ. മെക്കയും മദീനയും ഒഴികെയുള്ള നഗരങ്ങൾ ആക്രമിച്ചു പിടിച്ചെടുക്കുമെന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്ത് എത്തിയതോടെയാണ് ഗൾഫ് മേഖല വീണ്ടും യുദ്ധ ഭീതിയിലായത്. ഇതോടെ മലയാളികൾ അടക്കമുള്ള പതിനായിരക്കണക്കിനു ഇന്ത്യക്കാരുടെ തൊഴിലും സമ്പാദ്യവും അടക്കമുള്ളവ ഭീതിയിലായി.
ഇറാനെ ആക്രമിക്കുമെന്നാണ് സൗദിയുടെ ഭീഷണി. എന്നാൽ ശക്തമായ തിരിച്ചടിക്ക് തങ്ങൾ മടിക്കില്ലെന്ന് ഇറാൻ മറുപടി നൽകി. കൂടെ അവർ ഒരു കാര്യം കൂടി പറഞ്ഞു.
സൗദിയിൽ മുസ്ലിം രാഷ്ട്ര നേതാക്കളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളുടെയും വാക് പോര്. സൗദി സമ്മേളനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുന്നുണ്ട്. സുന്നി ശിയാ അടിത്തറയിലാണ് ഇരുരാജ്യങ്ങളുടെയും പ്രവർത്തനവും ഭീഷണി മുഴക്കലും. ഇറാൻ മുസ്ലിംലോകത്ത് പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും വേണ്ടി വന്നാൽ ഇറാനെ ആക്രമിക്കുമെന്നുമായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഭീഷണി.
അതിന് മറുപടിയാണ് കഴിഞ്ഞദിവസം ഇറാൻ പ്രതിരോധമന്ത്രി ഹുസൈൻ ദെഹ്ഗാൻ നൽകിയത്. സൗദി തങ്ങളെ ആക്രമിച്ചാൽ ആ രാജ്യത്തെ മക്കയും മദീനയുമല്ലാത്ത എല്ലാ പ്രദേശങ്ങളും ആക്രമിച്ച് തകർത്തുകളയുമെന്നാണ് ദെഹ്ഗാൻ പറഞ്ഞത്.
വിശുദ്ധ നഗരങ്ങളായതു കൊണ്ടാണ് മക്കയും മദീനയും ആക്രമണത്തിൽ നിന്ന് ഒഴിവാക്കുന്നതെന്നും ഇറാൻ മന്ത്രി വ്യക്തമാക്കി. പ്രകോപനപരമാണ് സൗദിയുടെ പ്രതികരണം. അതിന് ശക്തമായ മറുപടി നൽകാൻ തങ്ങൾക്കറിയാം-ദെഹ്ഗാൻ പറഞ്ഞു.
വ്യോമ സേനയുണ്ടെന്ന് കരുതിയാണ് സൗദി ഇത്ര വീമ്പിളക്കുന്നതെന്ന് യമനിലെ സ്ഥിതിഗതികൾ പരാമർശിച്ച് ദെഹ്ഗാൻ പറഞ്ഞു. യമനിൽ സൗദി സൈന്യം ആ രാജ്യത്തെ ഹൂഥി വിമതർക്കെതിരേ ആക്രമണം നടത്തുന്നുണ്ട്. ഇറാന്റെ പിന്തുണയുള്ള ശിയാ വിഭാഗക്കരാണ് ഹൂഥികൾ.
സൗദി അറേബ്യയുടെ വ്യോമ സേനയാണ് ഹൂഥികളെ ആക്രമിക്കുന്നത്. ആ വ്യോമസേനയുടെ ബലത്തിൽ എന്തും നടക്കുമെന്ന് കരുതേണ്ടെന്നും ഇറാൻ പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായാൽ ഇറാനകത്തായിരിക്കും അതിന് മറുപടിയുണ്ടാകുക എന്നായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് പറഞ്ഞത്.
31കാരനായ മുഹമ്മദ് ബിൻ സമൽമാൻ ആണ് സൗദിയുടെ അടുത്ത ഭരണാധികാരി. 2015ൽ മുഹമ്മദിന്റെ പിതാവും ഇപ്പോഴത്തെ രാജാവുമായ സൽമാൻ തന്റെ പിൻഗാമിയായി മുഹമ്മദിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. ഇറാനുമായുള്ള നിലപാട് വ്യക്തമാക്കവെയാണ് മുഹമ്മദ് ഒരു അഭിമുഖത്തിൽ പ്രകോപനപരമായി സംസാരിച്ചത്.
ശിയാ ആശയം മുസ്ലിം ലോകത്ത് അടിച്ചേൽപ്പിക്കാനാണ് ഇറാന്റെ ശ്രമമെന്ന് മുഹമ്മദ് പറഞ്ഞു. തീവ്രപരമായ ആശയമാണ് ഇറാൻ പിന്തുടരുന്നതെന്നും അവരുമായി എങ്ങനെ ഐക്യത്തിന്റെ പാതയിൽ പോകാൻ സാധിക്കുമെന്നും മുഹമ്മദ് ചോദിച്ചു.
മക്കയാണ് ഇറാൻ ലക്ഷ്യമിടുന്നത്. അതിന് അനുവദിക്കില്ല. മുസ്ലിം ലോകം ആദരവോടെ കാണുന്ന സ്ഥലമാണിതെന്നും മുഹമ്മദ് അഭിമുഖത്തിൽ പറഞ്ഞു. സൗദി അറേബ്യയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ബിൻ സൽമാനാണ്. 2030 ഓടെ രാജ്യം നേടിയെടുക്കേണ്ട പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദിയിൽ പോരാട്ടം തുടങ്ങുന്നത് വരെ തങ്ങൾ കാത്തിരിക്കില്ലെന്നും അതിന് മുമ്പ് ഇറാനിൽ പ്രശ്നങ്ങളുണ്ടാവുമെന്നുമാണ് സൗദി രാജകുമാരൻ പറഞ്ഞത്. എന്നാൽ ഇതുസംബന്ധിച്ച് അദ്ദേഹം കൂടുതൽ വിശദീകരിച്ചില്ല. ഇറാനെ നേരിട്ടോ അല്ലാതെയോ ആക്രമിക്കുമെന്ന സൂചനയായാണ് ഈ വാക്കുകൾ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
1979ൽ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. പിന്നീട് ഓരോ വിഷയത്തിലും ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുകയായിരുന്നു. സൗദിയുടെ സഖ്യകക്ഷിയായി അമേരിക്കയും ഇറാന്റെ സഹായിയായി റഷ്യയും തമ്പടിച്ചതോടെ സ്ഥിതിഗതികൾ അന്താരാഷ്ട്ര തലത്തിൽ ചേരിതിരിവിന് കാരണമായി.
കഴിഞ്ഞ വർഷം ജനുവരിയിൽ പ്രമഖ ശിയാ പണ്ഡിതൻ നിംറ് അൽ നിംറിനെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയനാക്കിയതോടെ ഇരുരാജ്യങ്ങളും നടത്തിയ വാക് പോര് യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. ടെഹ്റാനിൽ ശക്തമായ റാലികളാണ് സൗദിക്കെതിരേ നടന്നത്. സൗദി എംബസി കൈയേറി പ്രക്ഷോഭകർ തീയിട്ട സംഭവവമുണ്ടായി.
പിന്നീട് ഇറാനുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ തങ്ങളുടെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. എംബസി ആക്രമിച്ചവർക്കെതിരേ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രസ്താവന ഇറക്കിയിരുന്നു. എങ്കിലും സൗദി ഉദ്യോഗസ്ഥരെ പിൻവലിച്ചു.
തൊട്ടുപിന്നാലെയാണ് സൗദി യമനിൽ ഇടപെടൽ ശക്തമാക്കിയത്. കൂടെ സിറിയയിലും. ഇരുരാജ്യത്തും സൗദിയും ഇറാനും വിരുദ്ധ ചേരിയിലാണ്. ഇത്തരത്തിൽ സംഘർഷ അന്തരീക്ഷം വളർന്നിരിക്കെയാണ് പരസ്പരം യുദ്ധ ഭീഷണി മുഴക്കുന്നത്.
അതിനിടെ മേഖലയിൽ യുദ്ധ ഭീതിക്ക് ആക്കംകൂട്ടി സൗദി അറേബ്യ ആയുധം വാങ്ങിക്കൂട്ടുന്നു. അമേരിക്കയിൽ നിന്നു ശതകോടി ഡോളറിന് ആയുധം വാങ്ങാനാണ് ആലോചന. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം സൗദി സന്ദർശിക്കുമ്പോൾ കരാറിൽ ഒപ്പുവയ്ക്കും. മുസ്ലിം രാഷ്ട്രത്തലവൻമാരുടെ സമ്മേളനവും ഈ വേളയിൽ സൗദിയിൽ നടക്കും.
പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഡൊണാൾഡ് ട്രംപ് വിദേശ യാത്രക്ക് ഒരുങ്ങുന്നത്. ആദ്യ യാത്രയ്ക്ക് തന്നെ അദ്ദേഹം തിരഞ്ഞെടുത്തത് സൗദി അറേബ്യയെ ആണ്. ഗൾഫ് മേഖലയിൽ അമേരിക്കയുമായി അടുത്ത ബന്ധം പുലർത്തുന്ന വലിയ രാജ്യമാണ് സൗദി.
യമനിലും സിറിയയിലും ആ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്ന സൗദി ഇത്രയധികം ആയുധങ്ങൾ വാങ്ങിക്കുന്നത് ആശങ്കയോടെയാണ് മറ്റു രാജ്യങ്ങൾ നോക്കിക്കാണുന്നത്. പ്രത്യേകിച്ച് ഇറാൻ. ഇറാനും യമനും സൗദിയുടെ നീക്കങ്ങളിൽ അമ്പരപ്പുണ്ട്.
സൗദി അറേബ്യ ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്നത് അമേരിക്കയിൽ നിന്നാണ്. എഫ്-15 യുദ്ധ വിമാനം മുതൽ മിസൈൽ കവചങ്ങൾ വരെ അമേരിക്കയിൽ നിന്നു സൗദി വാങ്ങിയിട്ടുണ്ട്. അമേരിക്കയുടെ വിദേശ വ്യാപാരം ശക്തിപ്പെടുത്തുക കൂടിയാണ് ഡൊണാൾഡ് ട്രംപിന്റെ സൗദി യാത്രയുടെ ലക്ഷ്യം.
ടെർമിനൽ ഹൈ ആൾട്ടിട്ടൂഡ് ഏരിയ ഡിഫൻസ് (താഡ്) മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ സൗദി ആലോചിക്കുന്നുണ്ട്. കൂടാതെ ഉപഗ്രഹ സർവേയും നിയന്ത്രണവും സാധ്യമാകുന്ന സി2 ബിഎംസി എന്ന സോഫ്റ്റ് വെയറും അമേരിക്കയിൽ നിന്നു സൗദി വാങ്ങുമെന്നാണ് വിവരം. ബ്രാഡ്‌ലി ഫൈറ്റിങ് വെഹ്ക്കിൾ, എം109 ആർട്ടിലെറി വെഹ്ക്കിൾ തുടങ്ങി യുദ്ധമുഖത്ത് ഉപയോഗിക്കുന്ന വാഹനങ്ങളും വാങ്ങും.
വർഷങ്ങളായി ചർച്ചകളിലുള്ളതും എന്നാൽ ഇതുവരെ സൗദി കൈവശപ്പെടുത്തിയിട്ടില്ലാത്തതുമായ ആയുധങ്ങളാണ് ഇപ്പോൾ സൗദി വാങ്ങാൻ ഒരുങ്ങുന്നത്. യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ളവ വാങ്ങാൻ 2015 അമേരിക്കൻ വിദേശകാര്യ വകുപ്പുമായി ധാരണയുണ്ടാക്കിയിരുന്നെങ്കിലും കരാറിൽ സൗദി ഒപ്പുവച്ചിരുന്നില്ല. ഉടൻ തന്നെ ഈ കരാറും നിലവിൽ വരും.
ഡൊണാൾഡ് ട്രംപ് സൗദിയിൽ എത്തിയാൽ യുദ്ധക്കപ്പൽ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമാകും. അമേരിക്കൻ സൈന്യം ഉപയോഗിക്കുന്ന ലിറ്ററൽ കോംമ്പാറ്റ് ഷിപ്പിന്റെ മാതൃകയിലുള്ളതാണ് സൗദി സ്വന്തമാക്കുക. എന്നാൽ ഇസ്രായേലിന്റെ സുരക്ഷ പരിഗണിച്ച് മാത്രമേ അമേരിക്ക ഈ കരാറിന് ഒരുങ്ങൂവെന്നാണ് വിവരം.
സൗദി-അമേരിക്ക ആയുധ കൈമാറ്റങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വൈറ്റ് ഹൗസിൽ ഇരുരാജ്യങ്ങളുടെയും സംയുക്ത സമിതി യോഗം ചേരുന്നുണ്ട്. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായാണ് ഈ ചർച്ച. ട്രംപ് എത്തിയാൽ ഒപ്പുവയ്ക്കുന്ന കരാറുകൾ സംബന്ധിച്ച് ഈ യോഗം അന്തിമ രൂപമുണ്ടാക്കും.
സൗദി വിദേശകാര്യ മന്ത്രി അബ്ദുൽ ജുബൈർ കഴിഞ്ഞാഴ്ച അമേരിക്കൻ സന്ദർശനം നടത്തിയിരുന്നു. സെനറ്റർമാരായ ബോബ് കോർക്കർ, ബെൻ കാർഡിൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. തൊട്ടുപിന്നാലായണ് സംയുക്ത സമിതി യോഗം ചേരുന്നതും ട്രംപ് എത്തുന്നതും.
അതേസമയം, ട്രംപിന്റെ സന്ദർശന വേളയിൽ അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. ജിസിസി രാഷ്ട്രത്തലവൻമാരുടെ പ്രത്യേക ഉച്ചകോടിയും നടക്കും. ഭീകരത, ഇറാൻ, യമൻ എന്നീ കാര്യങ്ങളായിരിക്കും ഈ യോഗങ്ങളിലെ പ്രധാന ചർച്ച.
ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെ സൗദി അറേബ്യ ഇപ്പോൾ തന്നെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആയുധ കരാറുകളും ആയുധങ്ങളുടെ കൈമാറ്റവും സംബന്ധിച്ച ചർച്ചകളും നടക്കും. സൽമാൻ രാജാവുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.