കൊച്ചി: കൊച്ചി പനമ്പള്ളി നഗറില്‍ വെടിവയ്പ്പ് നടന്നത് സിനിമാ താരം ലീനാ പോളിന്റെ ഉടമസ്ഥതയിലുള്ള ആഢംബര ബ്യൂട്ടി പാര്‍ലറിന് നേരെ യെന്ന് റിപ്പോര്‍ട്ട്. പിന്നില്‍ മുംബൈ അധോലാകത്തിലെ പ്രധാനിയായ രവി പൂജാരിയാണെന്നും വിവരം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെടിയുതിര്‍ത്തത്.
ഉച്ചക്ക് മൂന്നേ മുക്കാലോടെയാണ് സംഭവം. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. അക്രമികളുടെ ലക്ഷ്യം ഭീക്ഷണിപ്പെടുത്തലായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന നേരത്തെ പോലീസ് പിടിയിലായിരുന്നു.
പനമ്പള്ളി നഗറിലെ വാക് വേയ്ക്ക് സമീപമുള്ള നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടിപാര്‍ലറിലാണ് സംഭവം. ഈ സ്ഥാപനത്തിനോട് ചേര്‍ന്നാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ് പ്രവര്‍ത്തിക്കുന്നത്. ആ സമയത്ത് ബ്യുട്ടി പാര്‍ലറില്‍ നിരവധി പേര്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടി ഉതിര്‍ത്തതെന്നാണ് പോലീസിന്റെ നിഗമനം.
ഉടമ ലീനാ പോളിന് നേരത്തെ 25 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും അധോലോക നായകന്‍ രവി പൂജാരെയുടെ ആളുകളെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്നും ലീനാ പോള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.