ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തെ പറ്റി മലയാളികള്‍ ആദ്യമായി അറിയുന്നത് 2015ലാണ്. സ്വയം സ്റ്റാറാകാന്‍ വേണ്ടി ഗുര്‍മീത് തന്നെ പണംമുടക്കി നായകനായി അഭിനയിച്ച എംഎസ്ജി ദ മെസഞ്ചര്‍ എന്ന സിനിമ പുറത്തിറങ്ങിയത് ആ സമയത്തായിരുന്നു. ആ വര്‍ഷം തന്നെ ഗുര്‍മീതും കൂട്ടരും കേരളത്തിലുമെത്തി.
കുമരകത്തും വാഗമണ്ണിലും സന്ദര്‍ശനം നടത്തി അത്യാവശ്യം നല്ല രീതിയിലുള്ള ബിസിനസും നടത്തിയാണ് സംഘം മടങ്ങിയത്. ബിസിനസെന്നുവച്ചാല്‍, വാഗമണ്ണിലെ കണ്ണായ സ്ഥലത്ത് കോടികള്‍ വിലയുള്ള സ്ഥലം വാങ്ങിക്കൂട്ടിയത് തന്നെ.
ഇനി ആരാണ് ഗുര്‍മീത് സിംഗെന്നും അദേഹത്തിന്റെ പ്രസ്ഥാനമായ ദേര സച്ച സൗധ എന്താണെന്നും നോക്കാം. സദ്പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്ന ഈ വിഭാഗം എന്ന പേരില്‍ 1948ലാണ് ദേര സച്ച സൗധയ്ക്കു തുടക്കമാകുന്നത്. പഞ്ചാബിലെ ഷഹര്‍പൂര്‍ ബേഗുവിലെ ബേഗു റോഡിലാണ് ആസ്ഥാനം.
ഖെമാമല്‍ എന്ന് യഥാര്‍ത്ഥ പേരുള്ള ഷാ മസ്താനയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ലൗകിക കാര്യങ്ങളില്‍ തല്പരനല്ലാത്ത തികഞ്ഞ മത വിശ്വാസായായിരുന്നു ഇദ്ദേഹം.പതിനാലാം വയസില്‍ ഒരു സത്യാന്വേഷിയായി ഒരു ആത്മീയ ഗുരുവിനെ തിരഞ്ഞ് ഇദ്ദേഹം വീടുവിട്ടുപോയി. പഞ്ചാബിലെ ബീസില്‍ ബാബ സാവന്‍ സിങ്ങ് എന്ന ഗുരുവിനെ അദ്ദേഹം ആചാര്യനായി സ്വീകരിച്ചു.
വൈകാതെ വലിയൊരു ശിക്ഷ്യഗണം അദേഹത്തിനു സ്വന്തമായി. അതോടെ സമ്പത്തും കുന്നുകൂടാന്‍ തുടങ്ങി. തൊട്ടുപിന്നാലെ ആസ്ഥാനത്ത് വലിയൊരു കൊട്ടാരം തന്നെ സ്ഥാപിച്ചു. 600 മുറികളും, യോഗം ചേരാനുള്ള ഒരു ഹാളും, വിശേഷാവസരങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കുള്ള വിശാലമായ ഒരു മുറ്റവും ചേരുന്നതാണ് ഈ സ്ഥാപനം. സൗജന്യ ഭക്ഷണം നല്കുന്ന ഇവിടെ പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിക്കുകയില്ല. ദേര സച്ചാ സൗധയുടെ കീഴിലുള്ള കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ഇത്രയും ഗുര്‍മീത് സിംഗ് വരുന്നതിനു മുമ്പുള്ള കഥ.
ഇനിയാണ് ദേര സച്ച സൗദയുടെ തലവര മാറ്റി ഗുര്‍മീത് റാം കടന്നുവരുന്നത്. 1967 ഓഗസ്റ്റ് 15ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ജനിച്ച ഗുര്‍മീത് 1990ലാണ് ദേര സച്ചയുടെ തലപ്പത്തെത്തുന്നത്. സ്ഥാപകന്‍ എന്താണ് പ്രസ്ഥാനം കൊണ്ട് ലക്ഷ്യംവച്ചതോ അതിനു നേര്‍വിപരീതമായിട്ടായിരുന്നു ഈ മനുഷ്യദൈവത്തിന്റെ പ്രവര്‍ത്തനം. ഭക്തിയിലൂടെ എങ്ങനെ പണമുണ്ടാക്കാമെന്ന് അദേഹം ഗവേഷണം നടത്തി. ദേര സച്ചയുടെ സ്വാധീനം പഞ്ചാബിനെയും കടന്ന് മുന്നോട്ടുപോയി. കോടികള്‍ ഒഴുകിയെത്തിയതോടെ പ്രവര്‍ത്തവനവും വ്യാപിപ്പിച്ചു. ആദ്ധ്യാത്മികതയേക്കാള്‍ സ്‌പോര്‍ട്‌സിലും സിനിമയിലും മോഡലിംഗിലുമൊക്കെയായിരുന്നു ഗുര്‍മീതിന് താല്പര്യം. സ്‌പോര്‍ട്‌സിലും സംഗീതത്തിലും തല്പരനായ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ യൂണിവേഴ്‌സല്‍ മ്യൂസിക് പുറത്തിറക്കിയിട്ടുണ്ട്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്