പൂണെ: പൂണെയില്‍ ബാങ്കിനു നേരെ സൈബര്‍ ആക്രമണം നടന്നതായി പരാതി. പൂണെയിലെ കോസ്‌മോസ് സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് പണം തട്ടിയെടുത്തതായാണ് പരാതി. 94 കോടി രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് അധികൃതരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 11 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഓഗസ്റ്റ് 11ന് വൈകീട്ട് മൂന്നുമണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്തിനിടെ 15000ലേറെ ഇടപാടുകള്‍ നടന്നു.
ഈ സമയംകൊണ്ട് 80 കോടിയിലേറെ രൂപയാണ് ഹാക്കര്‍മാര്‍ വിദേശത്തെ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത് എന്നാണ് വിവരം. അതിനു ശേഷം തിങ്കളാഴ്ച രാത്രിയും സെര്‍വര്‍ ഹാക്ക് ചെയ്ത് 13 കോടിയിലേറെ രൂപയും തട്ടിയെടുത്തു. ഇന്ത്യയിലും ഹോങ്കോങിലുമുള്ള വിവിധ അക്കൗണ്ടുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്. ഹാക്കര്‍മാര്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ സുരക്ഷാക്രമീകരണങ്ങളും തകര്‍ത്തു. ബാങ്കിന്റെ എ.ടി.എം സെര്‍വറിലാണ് ആദ്യം സൈബര്‍ ആക്രമണം നടത്തിയത്.
പണം ചോര്‍ത്തിയതിനൊപ്പം ബാങ്കിന്റെ കൈവശമുണ്ടായിരുന്ന ആയിരക്കണക്കിന് ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങളും ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ഉപഭോക്താക്കളോട് ബാങ്ക് അധികൃതര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും ബാങ്കിന്റെ പൂള്‍ അക്കൗണ്ടില്‍ നിന്നാണ് ഹാക്കര്‍മാര്‍ പണം പിന്‍വലിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഹാക്കിങ് നടന്നത് കാനഡ കേന്ദ്രീകരിച്ചാണെന്നാണ് സൂചന. പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോസ്‌മോസ് ബാങ്ക് ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ അര്‍ബര്‍സഹകരണ ബാങ്കാണ്. ബാങ്കിന് ഏഴ് സംസ്ഥാനങ്ങളിലായി അഞ്ച് റീജിയണല്‍ ഓഫീസുകളും 140 ബ്രാഞ്ചുകളുമുണ്ട്. 1906ല്‍ ആണ് ബാങ്ക് സ്ഥാപിതമായത്.