യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മ്യൂസിക് വീഡിയോ ഒറ്റരാത്രി കൊണ്ട് കാണാതായി

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട വീഡിയോ ഒറ്റരാത്രിയില്‍ അപ്രത്യക്ഷമായി. 500 കോടിയിലധികം പേര്‍ കണ്ട സൂപ്പര്‍ ഹിറ്റ് മ്യൂസിക് വീഡിയോ ഡെസ്പാസീറ്റോ ആണ് ഹാക്ക് ചെയ്യപ്പെട്ടത്. യൂട്യൂബില്‍നിന്ന് അപ്രത്യക്ഷമായ വീഡിയോയ്ക്ക് പകരം തോക്കു ചൂണ്ടി നില്‍ക്കുന്ന മുഖംമൂടി ധരിച്ച ആളുകളുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. 2017 ജനുവരി 12ന് പുറത്തിറങ്ങിയ ഗാനത്തിന് അടുത്തിടെയാണ് യുട്യൂബില്‍ 500 കോടി ആളുകള്‍ കണ്ട ആദ്യ വീഡിയോ എന്ന റെക്കോര്‍ഡ് ലഭിച്ചത്. ജസ്റ്റിന്‍ ബീബറുടെ സോറി ഉള്‍പ്പെടെയുള്ള ഇംഗ്ലിഷ് പാട്ടുകളെ പിന്തള്ളിയാണ് ഈ സ്പാനിഷ് ഗാനം ലോകമെങ്ങും ഹിറ്റായത്. ലൂയിസ് ഫോണ്‍സിയും എറികാ എന്‍ഡറും ചേര്‍ന്നാണ് പാട്ട് എഴുതിയത്. ലൂയിസ് ഫോണ്‍സിയാണ് പാട്ട് പാടിയത്. ഡാഡി യാങ്കിയാണ് അഭിനയിച്ചത്. നാലു മിനിറ്റ് 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ വീഡിയോ. വീഡിയോ ചിത്രീകരിച്ച പ്യൂര്‍ട്ടോറിക്കയ്ക്ക് പിന്നീട് ഈ വീഡിയോ കാരണം വന്‍ലാഭമുണ്ടായി. പൊതുകടത്തില്‍ മുങ്ങിയ രാജ്യം വിനോദസഞ്ചാരത്തിലൂടെ തലവരമാറ്റി. സ്പാനിഷ് പാട്ടിന്റെ പ്രശസ്തി കണ്ട് ജസ്റ്റിന്‍ ബീബര്‍ തന്റെ പതിപ്പ് വരെ പുറത്തിറക്കി. ഈ റീമിക്‌സും പാട്ടിന്റെപ്രശസ്തിക്ക് ആക്കം കൂട്ടി. എന്നാല്‍ ഹാക്കിംഗ് സ്ഥിരീകരിച്ച യൂട്യൂബ് വീഡിയോ റീസ്റ്റോര്‍ ചെയ്തിട്ടുണ്ട്. ഇതൊരു തമാശയ്ക്ക് വേണ്ടിയാണെന്ന് ഹാക്കര്‍മാരില്‍ ഒരാളുടേതെന്ന് കരുതുന്ന ട്വിറ്റര്‍ പേജില്‍ ട്വീറ്റും വന്നു. യൂട്യൂബ് വീഡിയോയുടെ പേര് മാറ്റാനുള്ള സൗകര്യം വെറുതെ ഉപയോഗിച്ചതാണ്. അതില്‍ താന്‍ ഹാക്ക് ചെയ്തു എന്ന് എഴുതി. എന്നെ വിലയിരുത്തേണ്ട, എനിക്ക് യൂട്യൂബ് ഇഷ്ടമാണ് എന്നും ഇയാള്‍ കുറിച്ചിട്ടുള്ളതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും വീഡിയോ അപ്രത്യക്ഷമായി എന്നത് കേട്ടപ്പോള്‍ യുട്യൂബ് ഉപഭോക്താക്കള്‍ ഞെട്ടുക തന്നെ ചെയ്തു. ടെയ്‌ലര്‍ സ്വിഫ്റ്റ്, കാറ്റി പെറി, ഡ്രെയ്ക്ക്, ക്രിസ് ബ്രൗണ്‍, സെലേന ഗോമസ് എന്നിവരുടെയും യുട്യൂബ് വീഡിയോകളും ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നതായാണ് സൂചന.

Top