ന്യൂഡല്‍ഹി: 500 ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത 2 കശ്മീരി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. പഞ്ചാബില്‍ നിന്നാണ് ഡല്‍ഹി പൊലീസ് ഇവരെ പിടികൂടിയത്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളടക്കമാണ് വിദ്യാര്‍ഥികള്‍ ഹാക്ക് ചെയ്തത്.
പഞ്ചാബിലെ രാജ്പുരയിലെ ആര്യന്‍ ഗ്രൂപ്പ് ഓഫ് കോളെജില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല, ജലന്ദറിലെ സെന്റ്.സോള്‍ജ്യേഴ്‌സ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ ആദില്‍ ഹുസൈന്‍ തെലി എന്നിവരാണ് പിടിയിലായത്. ജമ്മുകശ്മീരിലെ ബാരമുല്ല, അനന്ത്‌നാഗ് ജില്ലകളില്‍ നിന്നുള്ളവരാണ് ഇരുവരും.
ഡല്‍ഹി പൊലീസിലെ സൈബര്‍ സെല്‍ സംഘമാണ് ഷാഹിദിനെയും ആദിലിനെയും പഞ്ചാബില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തി പിടികൂടിയത്. ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെ 500ലധികം ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത ‘ടീം ഹാക്കേഴ്‌സ് തേഡ് ഐ’ എന്ന ദേശവിരുദ്ധ ഹാക്കിംഗ് സംഘത്തിലുള്ളവരാണ് ഇരുവരുമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പാകിസ്താനില്‍ നിന്നുള്ള ഇന്ത്യ വിരുദ്ധ ഹാക്കര്‍മാരുമായി ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നതായും കണ്ടെത്തി.