ലൈംഗീക പങ്കാളികളെ തിരഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ആശങ്കയില്‍; ഡേറ്റിങ് വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു

ലൈംഗിക പങ്കാളിയെ ഓണ്‍ലൈന്‍ സൈറ്റിലൂടെ തേടിയവരുടെ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു. ഓണ്‍ലൈന്‍ ഡേറ്റിങ് വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 3.7 കോടി പേരുടെ വിവരങ്ങള്‍ പുറത്തായതോടെയാണിത്. ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് ഇതിലെ അംഗങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്. ബ്രിട്ടനിലെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി എംപിയുള്‍പ്പെടെയുള്ളവരുടെ പേരുവിവരങ്ങള്‍ ഈ രീതിയില്‍ പുറത്തുവന്നിട്ടുണ്ട്.

എഡിന്‍ബറോ വെസ്റ്റില്‍നിന്നുള്ള എസ്.എന്‍.പി എംപി മിഷേല്‍ തോംസണിന്റെ ഇമെയില്‍ വിലാസമാണ് പുറത്തുവന്നിട്ടുള്ളത്. തന്റെ മേല്‍വിലാസം വലിയ വാര്‍ത്തയാകുമെന്ന് കരുതിയാകാം ഹാക്കര്‍മാര്‍ പുറത്തുവിട്ടതെന്ന് അവര്‍ പറഞ്ഞു. ആഷ്‌ലി മാഡിസണിന്റെ 3.7 കോടി അംഗങ്ങളില്‍ 12 ലക്ഷത്തോളം പേര്‍ ബ്രിട്ടനില്‍നിന്നുള്ളവരാണ്.

അംഗങ്ങളുടെ പേര്, വയസ്സ്, ഇമെയില്‍, മേല്‍വിലാസം, ഫോണ്‍ നമ്പരുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ലൈംഗിക ഭാവനകള്‍ തുടങ്ങി വെബ്‌സൈറ്റിലുള്ള മുഴുവന്‍ വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. ബാങ്കുദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥര്‍, പൊലീസുദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഈ വെബ്‌സൈറ്റില്‍ അംഗങ്ങളാണ്. വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ മേല്‍വിലാസം പോലും ഈ രീതിയില്‍ പുറത്തുവന്നിട്ടുണ്ട്.

വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെങ്കിലും ആഡിസണിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ല. ഏതാനും മണിക്കൂറുകള്‍ പ്രവര്‍ത്തനരഹിതമായിരുന്ന സൈറ്റ് ഇന്നലെ ഉച്ചയോടെ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലൈനിലൂടെ ലൈംഗിക പങ്കാളിയെ തിരയാന്‍ സഹായിക്കുന്ന ആഷ്‌ലി മാഡിസണില്‍ അംഗങ്ങളായവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നത് ഒട്ടേറെപ്പേരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിവാഹിതരായ പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇത് കൂടുതല്‍ വിഷമിപ്പിക്കുന്നത്. പങ്കാളിയെ വഞ്ചിക്കാനുള്ള ആഗ്രഹം പുറത്താകുമല്ലോ എന്നവര്‍ ആശങ്കപ്പെടുന്നു.

Top