ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഇന്ന് സുപ്രീം കോടതിയില്‍ നിര്‍ണ്ണായകമായ വാദങ്ങളുയരുന്ന ദിവസമാണ്. ഇന്ന് മൂന്ന് മണിക്കാണ് ഹാദിയയെ കോടതിയില്‍ ഹാജരാക്കുക. എന്‍ഐഎയുടെ റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ എത്തും. കടുത്ത നിയമ പോരാട്ട്ം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഹാദിയ സ്വയം പറയുന്ന വാക്കുകള്‍ക്കായിരിക്കും നിയമപരമായി വിലയുണ്ടാകുക.
തന്റെ നിലപാട് ഹാദിയ സുപ്രീം കോടതിയില്‍ പോകുന്ന വഴിയില്‍ തന്നെ മാധ്യമങ്ങളെ അറിയിച്ച സ്ഥിതിക്ക് കടുത്ത എതിര്‍വാദം ഉയര്‍ത്താനാണ് അച്ഛന്റെ ശ്രമം. ഹാദിയയുടെ മനോനില ശരിയല്ലെന്ന് കുടുംബം സുപ്രീം കോടതിയെ അറിയിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്ന് വാദിക്കാനാണ് തീരുമാനം. മെഡിക്കല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ. സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
വന്‍തോതില്‍ ആശയം അടിച്ചേല്‍പ്പിച്ചാല്‍, വ്യക്തിക്ക് സ്വതന്ത്രമായി ചിന്തിക്കാനാവില്ല. അതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്ന് എന്‍.ഐ.എ. പറയുന്നു. കഴിഞ്ഞ ദിവസം എന്‍.ഐ.എ. മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളിലും ഇക്കാര്യം ഊന്നിപ്പറയുന്നതായി അറിയുന്നു.ഹാദിയയുടെ മനോനില ശരിയല്ലെന്ന് അച്ഛന്‍ അശോകന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ വാദിക്കുകയാണെങ്കില്‍ എന്‍.ഐ.എ.യും പിന്തുണച്ചേക്കും. എന്നാല്‍, ഇക്കാര്യം വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എന്‍ഐഎ ഉയര്‍ത്തുന്ന മണ്ടത്തരങ്ങള്‍ കോടതിയില്‍ നിലനില്‍ക്കുന്നതല്ല. ആതിനാല്‍ അന്തിമ വിധി ഹാദിയയുടെ വാക്കുകളെ പരിഗണിച്ചായിരിക്കുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ഇന്ന് മൂന്നുമണിക്കാണ് ഹാദിയയുടെ വാദം സുപ്രീം കോടതി കേള്‍ക്കുക. സുപ്രീം കോടതി തന്റെ ഹര്‍ജി പരിഗണിക്കാനിരിക്കെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നും തന്നെയാരും നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും നീതിലഭിക്കണമെന്നും ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടും മുന്‍പ് ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നേരിട്ട് ഹാജരാകാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിക്കു പോകാനായി പുറപ്പെടുമ്പോഴാണ് ഹാദിയ നിലപാട് വ്യക്തമാക്കിയത്.
ഹാദിയ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതോടെ സുപ്രീം കോടതിയില്‍കേസ് ഷെഫിന്‍ ജെഹാന് അനുകൂലമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതിനാലാണ് സുപ്രീംകോടതിയില്‍ ഹാദിയയുടെ മനോനില ശരിയല്ലെന്ന വാദം ഉയര്‍ത്താന്‍ പിതാവ് ഒരുങ്ങുന്നത്. ഡല്‍ഹിയില്‍ ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രിം കോടതി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹാദിയയുടെയും ഷെഫിന്റെയും വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. ഹാദിയയെ വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയ കേസില്‍ നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുദ്ര വച്ച കവറിലാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു.
താനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹാദിയ നിലപാട് വ്യക്തമാക്കിയതിനാല്‍ എന്‍ഐഎയുടെയും അച്ഛന്‍ അശോകന്റെയും വാദം അപ്രസക്തമാണെന്നും, കോടതി തീരുമാനം വൈകരുതെന്നും ഷെഫിന്‍ ജഹാന്റെ അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെടും. ഹാദിയ കേസിനെ സംബന്ധിച്ച് എന്‍ഐഎയുടെ കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നാലു മുദ്ര വച്ച കവറുകളിലായാണ് സുപ്രിം കോടതിക്ക് വ്യാഴാഴ്ച കൈമാറിയത്. ഇതില്‍ ഹാദിയയുടെ മതം മാറ്റം, വിവാഹം എന്നിവ സംബന്ധിച്ച്, ഹാദിയ, ഷെഫിന്‍ ജഹാന്‍, അശോകന്‍, അശോകന്റെ ഭാര്യ, സത്യസരണി ഭാരവാഹികള്‍, സൈനബ, അബൂബക്കര്‍ തുടങ്ങി 15 ഓളം പേരുടെ മൊഴികളുമുണ്ട്.
സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും, ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിന് ആരും സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ല എന്നുമാണ് ഹാദിയ നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി കണക്കിലെടുക്കാനാകില്ല എന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നത്. അച്ഛന്‍ അശോകന്റെയും എന്‍.ഐ.എ.യുടെയും എതിര്‍പ്പ് തള്ളി തുറന്നകോടതിയില്‍ ഹാദിയയെ കേള്‍ക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി അടച്ചിട്ട മുറിയില്‍ത്തന്നെ ഹാദിയയെ കേള്‍ക്കണമെന്ന അശോകന്റെ ഹര്‍ജി നേരത്തേ പരിഗണിക്കാനും കോടതി വിസമ്മതിച്ചിരുന്നു.
രാജ്യശ്രദ്ധയാകര്‍ഷിച്ച ഹാദിയ കേസ് പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറയുമെന്ന് ഉറപ്പാണ്. ഇന്‍ ക്യാമറ നടപടികള്‍ വേണമെന്ന് അശോകന്റെ അഭിഭാഷകര്‍ വീണ്ടും ഉന്നയിച്ചേക്കും. എന്‍.ഐ.എ.യും കേന്ദ്ര സര്‍ക്കാരും കൂടി ഇക്കാര്യം ഉന്നയിച്ചാല്‍ സുപ്രീംകോടതി ഇക്കാര്യം അംഗീകരിക്കുമോയെന്നതാണ് ആദ്യത്തെ വിഷയം. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ കഴിയുമോയെന്ന നിയമപരമായ ചോദ്യത്തിന് ഉത്തരം കാണാനാകും സുപ്രീംകോടതി ശ്രമിക്കുക. അതിന് മുമ്പായി, മതം മാറ്റവും വിവാഹവും സ്വന്തം ഇഷ്ടപ്രകാരമാണോയെന്ന് ഹാദിയയോട് കോടതി ചോദിച്ചറിയും.
വൈക്കത്തെ വീട്ടില്‍ നിന്നും ഹാദിയ യാത്രതിരിച്ച സമയം മുതല്‍ തുടങ്ങിയ അതീവ സുരക്ഷയിലായിരുന്നു ഹാദിയ. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും താന്‍ ഇസ്സാം വിശ്വാസിയാണെന്നും പറഞ്ഞതോടെ കേസ് വീണ്ടും അന്ത്യത്തിലേക്ക് നീങ്ങുകയാണെന്ന പ്രതീതി പൊതുവില്‍ ഉണ്ട്. എന്നാല്‍, കോടതിയില്‍ നിന്നും എന്തുണ്ടാകും നടപടി എന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കാനും സാധ്യതയുണ്ട്.