![](https://dailyindianherald.com/wp-content/uploads/2025/02/ANANTHU-CASE.png)
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിവർ തട്ടിപ്പ് പണം കൈപറ്റി എന്ന് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകി. മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്.
മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേയ്ക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി.
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നാണ് മൊഴി. അവിടേയ്ക്ക് അയച്ചാൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റിയെടുക്കാമെന്ന് സി വി വർഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. എന്നാൽ അനന്തു കൃഷ്ണനിൽ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് നിഷേധിച്ചു. കോഫി വിത്ത് അരുണിൽ സംസാരിക്കവെയായിരുന്നു സി വി വർഗീസ് ആരോപണം നിഷേധിച്ചത്.